മുന്നണി മാറ്റത്തിൽ പ്രതികരണവുമായി ജോസ് കെ മാണി; പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല

കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ജോസ് കെ മാണി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം.

കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടന്നും ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു.

ഇതിന്‍റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കേ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ബോധപൂർവ്വം പാർട്ടി അസ്ഥിരപ്പെടുത്താൻ ഉള്ള അജണ്ടയുടെ ഭാഗമാണെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

Kerala Congress M Chairman Jose K Mani Reaction amid rumours of front change

More Stories from this section

family-dental
witywide