
കോഴിക്കോട്/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ, വോട്ടർമാരെ നേരിൽ കാണാൻ പ്രമുഖ നേതാക്കൾ ഇന്ന് കളത്തിലിറങ്ങും. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ആവേശം പകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. ഉച്ചയ്ക്ക് 12.30-ന് നാദാപുരം കല്ലാച്ചിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം പേരാമ്പ്രയിലും കൊയിലാണ്ടിയിലും അദ്ദേഹം റോഡ് ഷോ നടത്തും.
അതേസമയം, ഇടത് മുന്നണിക്കായി സി പി എം പോളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്‌ളെയും ബിജെപിക്ക് വേണ്ടി നടി ഖുശ്ബുവും ഇന്ന് കോഴിക്കോട് എത്തുന്നതോടെ വടക്കൻ കേരളത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകും. പ്രമുഖ താരങ്ങളുടെയും നേതാക്കളുടെയും സാന്നിധ്യം വോട്ടർമാരെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് പര്യടനം നടത്തുന്നത്. എസ്ഡിപിഐ ബന്ധത്തെച്ചൊല്ലിയുള്ള ആരോപണങ്ങളും വാർത്താ സമ്മേളനങ്ങളിലെ വിവാദങ്ങളും സജീവ ചർച്ചയാകുന്ന സാഹചര്യത്തിൽ, ഈ വിഷയങ്ങളിൽ മുഖ്യമന്ത്രി ഇന്ന് നടത്തുന്ന പ്രതികരണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.
Kerala election Update, Big names to fuel the campaign; Rahul Gandhi and Khushbu in Kozhikode, CM in the capital















