കേരളം തെരഞ്ഞെടുപ്പ് ചൂടിൽ; രാഹുൽ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും, മുഖ്യമന്ത്രി കൊല്ലത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ ഘട്ടത്തിലേക്ക് കടക്കവെ, യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യർത്ഥിക്കാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് രാഹുലിൻ്റെ ഇന്നത്തെ പര്യടനം. ഇന്നലെ പാലക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രാഷ്ട്രീയ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും രാഹുൽ ഗാന്ധി എന്ത് മറുപടി നൽകും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

പത്തനംതിട്ടയിലെ അടൂർ, കോന്നി, ആറന്മുള മണ്ഡലങ്ങളിലും കോട്ടയത്തെ കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പുതുപ്പള്ളി എന്നിവിടങ്ങളിലും രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യും. രാഹുലിന് പിന്നാലെ പ്രിയങ്ക ഗാന്ധിയും ഉടൻ കേരളത്തിലെത്തുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

അതേസമയം, എൽഡിഎഫിൻ്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊല്ലം ജില്ലയിൽ പര്യടനം നടത്തും. രാവിലെ പത്തിന് വാർത്താ സമ്മേളനത്തിന് ശേഷം ചവറ നിയോജക മണ്ഡലത്തിലെ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് വൈകിട്ട് കൊല്ലം, കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളിലും അദ്ദേഹം പ്രചാരണത്തിനെത്തും.

സംസ്ഥാനത്തെ വികസന കാര്യങ്ങളിൽ പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന പ്രതിപക്ഷ നേതാവിൻ്റെ വെല്ലുവിളിക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകിയേക്കുമെന്നും സൂചനയുണ്ട്. പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആവേശക്കൊടുമുടിയിലാകും.

Kerala election update; Rahul Gandhi in Pathanamthitta and Kottayam today, Chief Minister in Kollam

More Stories from this section

family-dental
witywide