‘നവകേരള സർവേ ക്യാബിനറ്റ് തീരുമാനം’, ഒറ്റ ദിവസത്തിൽ സുപ്രീം കോടതിയിലെത്തി കേരള സർക്കാർ; റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിച്ചു

നവകേരള സർവേ നിയമവിരുദ്ധമാണെന്ന് കണ്ട് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിധി വന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ സർക്കാർ അതിവേഗ അപ്പീൽ സമർപ്പിക്കുകയായിരുന്നു. ഹൈക്കോടതി വിധിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ക്യാബിനറ്റ് തീരുമാനത്തിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിണറായി സർക്കാർ സുപ്രീം കോടതിയിൽ എത്തിയത്. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന ഹൈക്കോടതി നിരീക്ഷണം തെറ്റാണെന്നും സർക്കാർ വാദിക്കുന്നു.

സ്പെഷ്യൽ പിആർ ക്യാമ്പയിനായി 20 കോടി രൂപ അനുവദിച്ചത് റൂൾസ് ഓഫ് ബിസിനസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നേരത്തെ പദ്ധതി റദ്ദാക്കിയത്. സർവേയുടെ സുതാര്യതയെയും കോടതി ചോദ്യം ചെയ്തിരുന്നു. സർക്കാരിന്റെ ഔദ്യോഗിക തീരുമാനം വരുന്നതിന് മുൻപേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി കേഡർമാർക്ക് കത്തയച്ചത് രാഷ്ട്രീയ താൽപ്പര്യങ്ങൾ വ്യക്തമാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നത് രഹസ്യമായ രാഷ്ട്രീയ നീക്കമാണെന്ന ഹർജിക്കാരുടെ വാദം കോടതി കണക്കിലെടുത്തിരുന്നു.

സംസ്ഥാനത്തിന്റെ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാനാണ് സർവേ നടത്തിയതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിൽ, ഇത് സിപിഎം പ്രവർത്തകരെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പരിപാടിയാണെന്ന വാദം കോടതി ശരിവെക്കുകയായിരുന്നു. ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ കോടികൾ ചിലവഴിക്കുന്നത് ചട്ടലംഘനമാണെന്ന കണ്ടെത്തൽ സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി തേടി സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.

Kerala Government Moves Supreme Court Against High Court Order Quashing Navakerala Survey

Also Read

More Stories from this section

family-dental
witywide