നവകേരള സർവേയ്ക്ക് ചെലവായത് 13 കോടി രൂപ; കണക്കുകൾ സുപ്രീം കോടതിയിൽ സമർപ്പിച്ച് സർക്കാർ

നവകേരള സർവേയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ചെലവാക്കിയ തുകയുടെ വിശദമായ കണക്കുകൾ സുപ്രീം കോടതിയിൽ സമർപ്പിച്ചു. സർവേയ്ക്കായി ആകെ 20 കോടി രൂപയാണ് അനുവദിച്ചിരുന്നതെന്നും അതിൽ 13.04 കോടി രൂപയാണ് ഇതുവരെ ചെലവായതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഈ സർവേ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് കോടതി നിർദ്ദേശപ്രകാരം സർക്കാർ കണക്കുകൾ ബോധിപ്പിച്ചത്.

ചെലവായ തുകയുടെ ഇനം തിരിച്ചുള്ള വിവരങ്ങളും സത്യവാങ്മൂലത്തിലുണ്ട്. സർവേയുടെ ബ്രോഷറുകൾ തയ്യാറാക്കുന്നതിനായി മാത്രം 5.54 കോടി രൂപ ചെലവഴിച്ചു. വിവിധ അറിയിപ്പുകൾ അയക്കുന്നതിനായി ഒരു കോടി രൂപയും വൊളണ്ടിയർമാരുടെ യാത്രാച്ചെലവിനായി 1.45 കോടി രൂപയും വിനിയോഗിച്ചതായി സർക്കാർ അറിയിച്ചു. ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്രത്തോളം ഫലപ്രദമായി എത്തുന്നു എന്ന് വിലയിരുത്താനാണ് സർവേ നടത്തിയതെന്നാണ് സർക്കാരിന്റെ വിശദീകരണം.

നവകേരള സർവേ ധൂർത്താണെന്നും പൊതുപണം ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ പദ്ധതികളെക്കുറിച്ച് പഠിക്കാൻ സർവേ നടത്തുന്നതിൽ തെറ്റില്ലെന്ന് നിരീക്ഷിച്ച കോടതി, ചെലവിനെക്കുറിച്ച് വ്യക്തമായ വിവരം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കൃത്യമായ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

Kerala Government Submits Navakerala Survey Expenses to Supreme Court; 13 Crore Spent Out of 20 Crore Budget

More Stories from this section

family-dental
witywide