കന്യാസ്ത്രീകൾക്ക് വലിയ ആശ്വാസം പകരുന്ന തീരുമാനമെടുത്ത് പിണറായി സർക്കാർ, സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയുടെ തണലേകും

സംസ്ഥാനത്തെ കന്യാസ്ത്രീകൾക്ക് ആശ്വാസമായി കേരള സർക്കാരിന്റെ വമ്പൻ തീരുമാനം. വരുമാനമില്ലാത്ത കന്യാസ്ത്രീകൾക്ക് പ്രതിമാസ സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മഠങ്ങളിലെയും കോൺവെന്റുകളിലെയും അന്തേവാസികൾക്ക് പദ്ധതി പ്രകാരം, സാമൂഹിക സുരക്ഷ പെൻഷൻ തുക എത്രയാണോ അത്‌ ലഭിക്കും. സർക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് അംഗികാരം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലേതാണ് തീരുമാനം.

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ള ശമ്പളം, പെൻഷൻ, സർക്കാരിന്‍റെ മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്ത സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കും. ഇവർക്ക് 2001 ലെ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ള പെൻഷൻ അനുവദിക്കുന്നതിന് പൊതുവിൽ നിർബന്ധമാക്കിയിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി നൽകും. പകരം പ്രത്യേക അപേക്ഷ ഫോറം അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

സഭയിൽ നിന്ന് വിരമിച്ചവരും വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ കന്യാസ്ത്രീകളെ സഹായിക്കാനാണ് ഈ നടപടി. സ്വന്തമായി വരുമാനമോ ഭൂമിയോ ഇല്ലാത്തവർക്കും മറ്റ് പെൻഷനുകൾ ലഭിക്കാത്തവർക്കുമാണ് ഈ ആനുകൂല്യത്തിന് അർഹതയുണ്ടാവുക. പദ്ധതി നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് വഴി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കന്യാസ്ത്രീകൾക്ക് പെൻഷൻ നൽകുന്നതിനായുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനും സർക്കാർ തീരുമാനിച്ചു. മഠം അധികൃതരുടെ സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും ഹാജരാക്കുന്ന മുറയ്ക്ക് അർഹരായവർക്ക് തുക ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കും. സർക്കാരിന്റെ ഈ തീരുമാനത്തെ സഭാ നേതൃത്വവും വിവിധ സാമൂഹിക സംഘടനകളും സ്വാഗതം ചെയ്തു.

More Stories from this section

family-dental
witywide