
കെഎസ്‌യു പ്രതിഷേധത്തിനിടെയുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ട് വരെയുള്ള എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം ഡിസ്ചാർജ് ചെയ്തു. നിലവിൽ പത്തനംതിട്ടയിലെ വീട്ടിലെത്തിയ മന്ത്രി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പൂർണ്ണ വിശ്രമത്തിലാണ്.
നാല് ദിവസത്തെ വിശ്രമമാണ് മെഡിക്കൽ ബോർഡ് മന്ത്രിക്ക് നിർദ്ദേശിച്ചിരിക്കുന്നത്. ഡോക്ടർമാർ നൽകിയ മരുന്നുകൾ തുടരുന്നതിനൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർച്ചയായ പരിശോധനകളും (Follow-up) നിർദ്ദേശിച്ചിട്ടുണ്ട്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ യാത്രാ നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കണ്ണൂരിൽ വെച്ച് കരിങ്കൊടി പ്രതിഷേധത്തിനിടെയുണ്ടായ അസ്വസ്ഥതകളെത്തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിക്കെതിരായ പ്രതിഷേധവും തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മന്ത്രി വിശ്രമം പൂർത്തിയാക്കി തിരികെ എത്തിയ ശേഷമേ നേരത്തെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിക്കൂ.
Kerala Health Minister Veena George advised rest until March 2; programs postponed















