
വിവാദ ചിത്രം ‘ദ കേരള സ്റ്റോറി 2’ വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേരള ഹൈക്കോടതി സെൻസർ ബോർഡിനും നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും നോട്ടീസ് അയച്ചു. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. ചിത്രം കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹർജിയിൽ വിശദീകരണം നൽകാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ട കോടതി, കേസ് വരുന്ന ചൊവ്വാഴ്ച (ഫെബ്രുവരി 24) വീണ്ടും പരിഗണിക്കാൻ മാറ്റി.
തീവ്രവാദത്തിന്റെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും കേന്ദ്രമായി കേരളത്തെ ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നടന്ന സംഭവങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ‘ഇനി സഹിക്കില്ല, പോരാടും’ എന്ന ട്രെയിലറിലെ സന്ദേശം അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും ഹർജിക്കാരൻ വാദിച്ചു. സിനിമ വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെ ഹൈക്കോടതിയുടെ ഇടപെടൽ നിർണ്ണായകമാകും.
Kerala High Court Issues Notice on Plea Challenging ‘The Kerala Story 2’ Certification; Hearing on Tuesday












