5 വർഷം ആര് ഭരിക്കണം, വിധി കുറിച്ച് കേരളം, 80% കടന്ന് പോളിംഗ്, ഇക്കുറി സർവകാല റെക്കോർഡ് തകർത്തേക്കും; വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും ബൂത്തുകളിൽ നീണ്ടനിര

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം ഔദ്യോഗികമായി അവസാനിച്ചു. വൈകിട്ട് ആറ് മണി വരെയുള്ള പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 80 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് സമയം അവസാനിച്ചിട്ടും പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. ആറ് മണിക്ക് മുൻപായി വരിയിൽ നിന്നവർക്കെല്ലാം ടോക്കൺ നൽകിയിട്ടുണ്ട്. ഇവർ കൂടി വോട്ട് രേഖപ്പെടുത്തുന്നതോടെ പോളിംഗ് ശതമാനം ഇനിയും ഉയരുമെന്നും സംസ്ഥാനത്തെ റെക്കോർഡ് പോളിംഗിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

എറണാകുളം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് ഇതുവരെ രേഖപ്പെടുത്തിയത്. കാസർകോട്, പത്തനംതിട്ട ജില്ലകളിലാണ് പോളിംഗ് താരതമ്യേന കുറവ്. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. 2.71 കോടി വോട്ടർമാരാണ് ഇത്തവണ വിധിയെഴുതിയത്. ആയിരത്തോളം ബൂത്തുകളിൽ ആറ് മണിക്ക് ശേഷവും വോട്ടർമാരുടെ നിര തുടരുന്നത് പോളിംഗ് നില റെക്കോർഡിലെത്തുമെന്ന സൂചന നൽകുന്നു. 1987-ൽ രേഖപ്പെടുത്തിയ 80.5 ശതമാനമാണ് ഇതിന് മുൻപ് കേരളം കണ്ട ഉയർന്ന പോളിംഗ് നിരക്കുകളിലൊന്ന്.

883 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 23 ദിവസം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തിയത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 74.06 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ അത് 80 ശതമാനവും കടന്ന് കുതിക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. വോട്ടെടുപ്പിന്റെ ഔദ്യോഗികമായ അന്തിമ കണക്കുകൾ രാത്രിയോടെ മാത്രമേ ലഭ്യമാകൂ. മെയ് നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.

Kerala high stakes election: Polling ends with record voter turnout as queues persist in booths

Also Read

More Stories from this section

family-dental
witywide