പൊന്നാനിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം വിതറി ആർജെഡി നേതാവ് തേജസ്വി യാദവ്. ബിഹാർ എന്നെങ്കിലും കേരളത്തെപ്പോലെ ആകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും പല കാര്യങ്ങളിലും കേരളം ബിഹാറിന് ഒരു മാർഗദർശിയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും തുല്യമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലും സാമൂഹിക സുരക്ഷ ലഭ്യമാക്കുന്നതിലും കേരളം കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ജാതി വിവേചനമില്ലാത്ത ഒരു സമൂഹത്തിനായുള്ള പോരാട്ടത്തിൽ നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രളയത്തെയും കോവിഡിനെയും അതിജീവിക്കാൻ പിണറായി സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നും അഭിനന്ദനാർഹമാണെന്നും തേജസ്വി യാദവ് പറഞ്ഞു. യുവാക്കൾക്ക് വെറും മുദ്രാവാക്യങ്ങൾ കൊണ്ട് കാര്യമില്ലെന്നും അവർക്ക് വേണ്ടത് തൊഴിലും നിക്ഷേപവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വികസന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ബിജെപി രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധയില്ലെന്നും ആർഎസ്എസ് ഗുരുക്കന്മാർ എഴുതിയ പുസ്തകങ്ങളാണ് അവർക്ക് ഭരണഘടനയെന്നും തേജസ്വി പരിഹസിച്ചു. അത്തരം പുസ്തകങ്ങളല്ല, ഇന്ത്യയുടെ യഥാർത്ഥ ഭരണഘടനയാണ് നമുക്ക് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ മതേതര പാർട്ടികൾ ഒന്നിച്ച് നിൽക്കണമെന്ന സന്ദേശമാണ് അദ്ദേഹം പൊന്നാനിയിലെ വേദിയിൽ നൽകിയത്.
Kerala is a role model for Bihar, says Tejashwi Yadav at LDF rally in Ponnani










