ഇവിഎം, തപാൽ, ഹോം വോട്ടുകൾ എന്നിവ ചേർത്ത് കേരളത്തിൽ നിലവിൽ 79.63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. പ്രിസൈഡിംഗ് ഓഫീസർമാർ നൽകിയ പ്രാഥമിക കണക്കാണിതെന്നും സർവീസ് വോട്ടുകൾ കൂടി ഉൾപ്പെടുത്തിയാൽ അന്തിമ ശതമാനത്തിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിലെ കണക്കുകൾ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയിട്ടുണ്ട്. അന്തിമ വിവരങ്ങൾ ക്രോഡീകരിച്ച ശേഷം ഔദ്യോഗിക ഇൻഡക്സ് കാർഡ് പുറത്തിറക്കുമെന്നും ഖേൽക്കർ വ്യക്തമാക്കി.
തപാൽ വോട്ടുകളുടെ വിശദമായ കണക്കുകളും കമ്മീഷൻ പുറത്തുവിട്ടു. മുതിർന്ന പൗരന്മാർ 96.3 ശതമാനവും ഭിന്നശേഷിക്കാർ 97.71 ശതമാനവും തപാൽ വോട്ടുകൾ രേഖപ്പെടുത്തി. ആവശ്യ സർവീസുകളിൽ ഉള്ളവർ 94.24 ശതമാനവും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർ 96.37 ശതമാനവും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരുടെ കണക്കെടുത്താൽ സ്ത്രീകൾ 81.19 ശതമാനവും പുരുഷന്മാർ 75.19 ശതമാനവുമാണ് വോട്ട് ചെയ്തത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 56.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
തപാൽ വോട്ടുകൾ സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമർശനങ്ങൾക്ക് മറുപടി നൽകിയ ഖേൽക്കർ, കണക്കുകൾ തിട്ടപ്പെടുത്തുന്നതിലുണ്ടായ സാധാരണ താമസം മാത്രമാണിതെന്ന് വിശദീകരിച്ചു. തെരഞ്ഞെടുപ്പ് നടപടികൾ പൂർണ്ണമായും സുതാര്യമാണെന്നും രാഷ്ട്രീയ പാർട്ടികൾക്ക് എല്ലാ ബൂത്തുകളിലെയും കൃത്യമായ കണക്കുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ആർക്കെങ്കിലും വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് പരാതിയുണ്ടെങ്കിൽ റിട്ടേണിംഗ് ഓഫീസർമാർക്ക് പരാതി നൽകി നിയമനടപടി സ്വീകരിക്കാമെന്നും കമ്മീഷൻ ആരുടെയും വോട്ട് നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala records 79.63% polling; final figures may vary as service votes await counting, says CEO Ratan U Kelkar










