സംസ്ഥാനത്തെ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്‍റെ (എസ്ഐആർ) ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒമ്പത് ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി. വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ ഇനിയും അവസരമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/ വയസ് ഉപയോഗിച്ചോ, മൊബൈൽ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രത്യേക തീവ്ര പുതുക്കൽ 2026ന്‍റെ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്. അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോർട്ടൽ വഴിയോ പരിശോധിക്കാം.
അതേസമയം, രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്ക്കരണം (എസ്ഐആർ ) നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൂടുതൽ സംസ്ഥാനങ്ങളിൽ നടപടികൾ ആരംഭിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. ഏപ്രിൽ മാസത്തോടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 22 ഇടങ്ങളിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങാനാണ് കമ്മീഷന്‍റെ തീരുമാനം.
Kerala SIR publishes final voter list; 9 lakh people left out of list, check if your name is there









