
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിൻഗാമിയായി വരാൻ സാധ്യതയുള്ള മകൾ കിം ജൂ ഏ, രാജ്യത്തെ സുപ്രധാന ശവകുടീരമായ കുംസുസാൻ പാലസ് ഓഫ് ദി സൺ സന്ദർശിച്ചതായി റിപ്പോർട്ട്.
ജനുവരി 1-ന് പുതുവർഷത്തോടനുബന്ധിച്ചാണ് കിം ജൂ ഏ തന്റെ പിതാവിനും മാതാവിനുമൊപ്പം ഈ ശവകുടീരം സന്ദർശിച്ചത്. ഇതാദ്യമായാണ് ജൂ ഏ ഈ പ്രദേശം ഔദ്യോഗികമായി സന്ദർശിക്കുന്നത്. കിം ജോങ് ഉന്നിന്റെ പിതാവായ കിം ജോങ് ഇല്ലിന്റെയും മുത്തച്ഛൻ കിം ഇൽ സുങ്ങിന്റെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന അതീവ പ്രാധാന്യമുള്ള ഇടമാണ് ഈ ശവകുടീരം.
കിം ജോങ് ഉൻ, ഭാര്യ റി സോൾ ജു, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമാണ് ജൂ ഏ എത്തിയത്. മാതാപിതാക്കൾക്കൊപ്പം ശവകുടീരത്തിന്റെ മെയിൻ ഹാളിൽ നിൽക്കുന്ന ജൂ ഏയുടെ ചിത്രങ്ങൾ ഉത്തരകൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ പുറത്തുവിട്ടു.
അതേസമയം, കിം ജൂ ഏയുടെ ഈ സന്ദർശനം, അവർ കിം ജോങ് ഉന്നിന്റെ പിൻഗാമിയായി മാറാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ, 2022-ൽ ഒരു മിസൈൽ പരീക്ഷണ വേളയിലാണ് ജൂ ഏ ആദ്യമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. 2025 സെപ്റ്റംബറിൽ അവർ തന്റെ ആദ്യ വിദേശ സന്ദർശനത്തിനായി പിതാവിനോടൊപ്പം ചൈനയിലെ ബീജിംഗിലും എത്തിയിരുന്നു.
സെപ്റ്റംബർ 2024-ൽ പന്ത്രണ്ട് വയസ്സ് തികഞ്ഞ കിം ജൂ ഏ, ഉത്തരകൊറിയൻ കിം ജോങ് ഉന്നിന്റെ രണ്ടാമത്തെ മകളാണ്. ഉത്തരകൊറിയൻ മാധ്യമങ്ങൾ ഇവരെ ‘ബഹുമാന്യയായ മകൾ’ (Respected Daughter) എന്നും ‘പ്രിയപ്പെട്ട മകൾ’ എന്നുമാണ് വിശേഷിപ്പിക്കുന്നത് . കിം ജോങ് ഉന്നിനും ഭാര്യ റി സോൾ ജൂവിനും മൂന്ന് മക്കളുണ്ടെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ജൂ ഏ മാത്രമാണ് ഇതുവരെ ഔദ്യോഗികമായി ലോകത്തിന് മുന്നിലെത്തിയിട്ടുള്ളത്.
Kim Jong-un’s daughter visits the country’s most important mausoleum.















