ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനും അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫിനും എതിരെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദു കൃഷ്ണൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. മന്ത്രി വാളകത്തെ വീട്ടിൽ വെച്ച് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധത്തിലേർപ്പെട്ടത് ഭാര്യ ബിന്ദു മേനോൻ നേരിട്ട് കണ്ടുവെന്നും, ഇത് ചോദ്യം ചെയ്ത ഭാര്യയെ മന്ത്രിയുടെ നിർദ്ദേശപ്രകാരം സ്റ്റാഫ് അംഗങ്ങൾ മർദ്ദിച്ചുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. മന്ത്രിക്കും സഹായികൾക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
സംഭവദിവസം മന്ത്രിയുടെ ഭാര്യ 112 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പോലീസിന്റെ സഹായം തേടിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും വീടിനുള്ളിൽ കടക്കാൻ അനുവദിച്ചില്ലെന്നും ബിന്ദു മേനോൻ ശേഖരിച്ച വീഡിയോ തെളിവുകൾ കൈമാറിയിട്ടും പോലീസ് നടപടിയെടുക്കാൻ തയ്യാറായില്ലെന്നും യദു കൃഷ്ണൻ ആരോപിച്ചു. മന്ത്രിയും സ്റ്റാഫും ചേർന്ന് ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചതായും സ്ത്രീയെ സ്റ്റാഫ് അംഗങ്ങൾ ചേർന്ന് കാറിൽ കയറ്റി കൊണ്ടുപോയതായും ആരോപണമുണ്ട്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങളെ പരിഹാസത്തോടെയാണ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നേരിട്ടത്. “ഒന്നല്ല, അയ്യായിരം പ്രണയമുണ്ടാകുമെന്നും പ്രണയിക്കാത്തവർ പൊട്ടന്മാരാണെന്നും” അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, മർദ്ദനമേറ്റ സംഭവത്തിൽ നിയമനടപടിക്കില്ലെന്ന് ബിന്ദു മേനോൻ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് ഇതെന്നാണ് മന്ത്രിയുടെ അനുയായികളുടെ വാദം.
KSU leader files complaint with DGP against Minister KB Ganesh Kumar over domestic abuse and illicit relationship allegations









