
ഭോപ്പാൽ: വൈറൽ കുംഭമേള താരത്തിന്‍റെ വിവാഹത്തിൽ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് എടുത്തിരിക്കുന്നത്. കമ്മീഷന്റെ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നാണെന്നാണ് വിവരം. വിവാഹ സമയത്ത് പെൺകുട്ടിയുടെ പ്രായം 16 മാത്രമായിരുന്നു. അതേസമയം, കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർക്ക് ഡൽഹിയിൽ ഹാജരാകാൻ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 22ന് ഹാജരാകണമെന്നാണ് നിർദേശം. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, കുംഭമേളയിലെ വൈറൽ താരത്തിന്റെയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം തീർത്തും നിയമപരമാണെന്നാണ് നേരത്തെ പൊലീസ് പറഞ്ഞിരുന്നത്. പൂവാർ അരുമാനൂർ നൈനാര്‍ ക്ഷേത്രത്തിൽ സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഈ വിവാഹം നിയമപരമല്ലെന്നും, സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം പോക്സോ കേസിൽ കുടുങ്ങുമെന്നുമുള്ള പ്രചരണങ്ങൾക്കെതിരെയാണ് പൊലീസിന്റെ ഈ സ്ഥിരീകരണം ഉണ്ടായത്. താരത്തിന്റെ പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും തമ്പാനൂർ പൊലീസ് അന്ന് പറഞ്ഞിരുന്നു.
തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫർമാൻ ആണ് താരത്തെ വിവാഹം കഴിച്ചത്. നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി വൈറൽ താരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. പൂവാറിലെ ഷൂട്ടിങ് സ്ഥലത്ത് നിന്നാണ് താരവും ഫർമാനും പൊലീസിന്റെ അടുത്തേക്ക് എത്തിയത്. പൊലീസ് താരത്തെ ഫർമാനൊപ്പം അയക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് ഇവർ കേരളത്തിൽ അഭയം തേടി എത്തിയത്. കേരളത്തിൽ വിവാഹം നടത്താനാണ് തങ്ങളുടെ താൽപ്പര്യമെന്ന് താരവും ഫർമാനും അന്ന് അറിയിച്ചിരുന്നു.













