
കുവൈത്ത് സിറ്റി: ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ മലയാളി വിദ്യാർഥികളെ കുവൈത്ത് നാടുകടത്താനൊരുങ്ങുന്നുവെന്ന് സൂചന. ആദ്യ സെമസ്റ്റർ പാസായതിലുള്ള സന്തോഷം പങ്കിടാനാണ് സുഹൃത്തുക്കളായ ഈ വിദ്യാർഥികൾ വാഹനവുമായി നിരത്തിലിറങ്ങിയത്. പെൺകുട്ടികൾ ഉൾപ്പെടയുള്ളവർ പിടിയിലായെന്നാണ് റിപ്പോർട്ടുകൾ. സംഭവ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേതുടർന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
ജലീബ് അൽ ഷുയൂഖ് മേഖലയിലെ അബ്ബാസിയയിൽ സ്വകാര്യ സ്കൂളിന് സമീപമായിരുന്നു വിദ്യാർഥികളുടെ പ്രകടനം. വാഹനം ഓടിച്ചവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അവർ ഓടിച്ച വാഹനം കേസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകെട്ടിയിട്ടുണ്ട്. വാടകയ്ക്ക് എടുത്ത വാഹനമാണ് വിദ്യാർഥികൾ ഓടിച്ചിരുന്നത്. അശ്രദ്ധമായി വാഹനമോടിക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും ഇത് ഒരു കാരണവശാലും അനുവദിക്കാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
Kuwait to deport Malayali students for performing road exercises in luxury vehicles.















