
കൊച്ചി: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എറണാകുളം മാർക്കറ്റിൽ എത്തിയ ചെന്നിത്തല ‘ഇതിലേതാ തിരുത’ എന്ന് ചോദിക്കുകയും, അതിനുപിന്നാലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ചിരിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ കെ വി തോമസ് ഫേസ്ബുക്കിലൂടെ രൂക്ഷമായി പ്രതികരിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തെ അപമാനിക്കുന്ന പരാമർശമാണ് ചെന്നിത്തല നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
”പ്രളയദുരന്ത നാളുകളിൽ സ്വന്തം ജീവൻ പണയം വെച്ച് കേരളത്തെ രക്ഷിച്ച നമ്മുടെ മത്സ്യത്തൊഴിലാളി സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് രമേശ് ചെന്നിത്തല നടത്തിയത്. ഞാൻ തന്നെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള ആളാണ്. അതുകൊണ്ട് ‘തിരുതത്തോമ’ എന്ന വിളി വ്യക്തിപരമായി എനിക്ക് അപമാനമായി തോന്നുന്നില്ല. എന്നാൽ അതിലൂടെ ഒരു മുഴുവൻ സമൂഹത്തെയും താഴ്ത്തിക്കാണിക്കുന്ന മനോഭാവമാണ് പുറത്തുവന്നത്.
മത്സ്യത്തൊഴിലാളികൾ അധമരാണെന്ന് കരുതുന്ന ഒരു ജാതിബോധം അദ്ദേഹത്തിന്റെ മനസ്സിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവാണ് ഈ പ്രസ്താവന. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ സ്വപ്നം കാണുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു സാമൂഹിക അവഹേളനം വരുന്നത് ദൗർഭാഗ്യകരമാണ്. നാനാത്വത്തിൽ ഏകത്വം വിശ്വസിക്കുന്ന മതനിരപേക്ഷ കേരളം ഇത്തരം മനോഭാവങ്ങളെ ഒരിക്കലും സഹിക്കില്ല. ജനങ്ങളെ അപമാനിക്കുന്നവർക്ക് ഈ തിരഞ്ഞെടുപ്പിൽ ജനാധിപത്യപരമായ മറുപടി ജനങ്ങൾ നൽകുമെന്നും” കെ.വി. തോമസ് ഫേസ്ബുക്കിൽ കുറിച്ചു.














