ട്രംപ് ഭരണകൂടത്തിൻ്റെ ഗ്രീൻ കാർഡ് നയങ്ങൾക്കെതിരെ കോടതിയിൽ ഹർജിയുമായി തൊഴിലാളി യൂണിയനുകളും കുടിയേറ്റ സംഘടനകളും

അമേരിക്കയിൽ താമസിക്കുന്നവർക്ക് രാജ്യം വിടാതെ ഗ്രീൻ കാർഡ് നേടുന്നത് കൂടുതൽ പ്രയാസകരമാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ രണ്ട് കുടിയേറ്റ നയങ്ങൾക്കെതിരെ തൊഴിലാളി യൂണിയനുകളും കുടിയേറ്റ സംഘടനകളും കോടതിയെ സമീപിച്ചു. സർവകലാശാലാ അധ്യാപക സംഘടനകളും കുടിയേറ്റാവകാശ പ്രവർത്തകരും ഹർജിയിൽ പങ്കാളികളാണ്. 2026 ഒക്ടോബർ അഞ്ചിന് മസാച്യുസെറ്റ്സ് ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) മേയിലും ഓഗസ്റ്റിലും നടപ്പാക്കിയ നയങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുമ്പ് അപേക്ഷിച്ചവർക്കുൾപ്പെടെ ഗ്രീൻ കാർഡ് നിഷേധിക്കപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് നടപടികളെന്നാണ് ഹർജിക്കാരുടെ വാദം.

എന്നാൽ, കുടിയേറ്റ നിയമങ്ങൾ കോൺഗ്രസ് നിശ്ചയിച്ച രീതിയിൽ നടപ്പാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്താനുള്ള അടിസ്ഥാനരഹിതമായ നീക്കമാണ് ഹർജിയെന്ന് USCIS വക്താവ് സാക് കഹ്‌ലർ പ്രതികരിച്ചു. ന്യൂസ് വീക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ താമസിക്കുന്ന അർഹരായ വിദേശികൾക്ക് രാജ്യം വിടാതെ സ്ഥിരതാമസാനുമതിക്ക് അപേക്ഷിക്കാനുള്ള സ്റ്റാറ്റസ് അഡ്ജസ്റ്റ്മെന്റ് നടപടിക്രമത്തെയാണ് പുതിയ നയങ്ങൾ ബാധിക്കുന്നത്. വിദേശത്തുള്ള യുഎസ് എംബസി വഴിയോ കോൺസുലേറ്റ് വഴിയോ വിസ നടപടികൾ പൂർത്തിയാക്കുന്നതിന് പകരമുള്ള മാർഗമാണിത്.

മേയ് 21ന് പുറത്തിറക്കിയ നയപ്രകാരം, വിദേശത്തുള്ള യുഎസ് കോൺസുലേറ്റ് വഴി അപേക്ഷിക്കുന്നതിനുപകരം അമേരിക്കയ്ക്കുള്ളിൽനിന്ന് ഗ്രീൻ കാർഡിന് അപേക്ഷിക്കുന്ന തീരുമാനം അനുമതി നിഷേധിക്കുന്നതിനുള്ള പ്രതികൂല ഘടകമായി ഉദ്യോഗസ്ഥർക്ക് പരിഗണിക്കാം. ഓഗസ്റ്റിൽ പുറത്തിറക്കിയ മറ്റൊരു നയം, കൂടുതൽ തെളിവുകൾ ആവശ്യപ്പെടുകയോ അപേക്ഷ നിരസിക്കാനുള്ള നീക്കം മുൻകൂട്ടി അറിയിക്കുകയോ ചെയ്യാതെ ചില അപേക്ഷകൾ തള്ളാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നു. പുതിയ അപേക്ഷകൾക്കു പുറമേ, അന്ന് പരിഗണനയിലുണ്ടായിരുന്ന അപേക്ഷകൾക്കും ഈ നയം ബാധകമാണെന്നും ഹർജിയിൽ പറയുന്നു.

പുതിയ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അപേക്ഷകളിൽ തീരുമാനമെടുക്കുന്നത് അന്യായമാണെന്നും ഉദ്യോഗസ്ഥർ ഉന്നയിക്കുന്ന ആശങ്കകൾക്ക് മറുപടി നൽകാനുള്ള അവസരം അപേക്ഷകർക്ക് നിഷേധിക്കപ്പെടുമെന്നും ഹർജിക്കാർ ആരോപിക്കുന്നു. USCIS അധികാരപരിധി മറികടക്കുന്നതാണ് നയങ്ങളെന്നും ഫെഡറൽ നിയമങ്ങൾക്കും ഭരണനടപടികൾക്കുള്ള വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. അമേരിക്കൻ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി പ്രൊഫസേഴ്സ്, സർവീസ് എംപ്ലോയീസ് ഇന്റർനാഷണൽ യൂണിയനും അനുബന്ധ സംഘടനകളും, അമേരിക്കൻസ് ഫോർ ഇമിഗ്രന്റ് ജസ്റ്റിസ് എന്നിവയ്ക്കൊപ്പം ഗ്രീൻ കാർഡിനായി അപേക്ഷിച്ച ആറുപേരും ഹർജിയിൽ പങ്കാളികളാണ്.

പുതിയ നയങ്ങൾ കുടുംബങ്ങളെയും തൊഴിലാളികളെയും ഗവേഷകരെയും വിദ്യാർഥികളെയും ബാധിക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ചിലർക്ക് സ്ഥിരതാമസ നടപടികൾ പൂർത്തിയാക്കാൻ വിദേശത്തേക്ക് പോകേണ്ടിവന്നാൽ ജോലി, പഠനം എന്നിവ തടസ്സപ്പെടാനും കുടുംബങ്ങൾ വേർപിരിയാനും ചികിത്സ മുടങ്ങാനും സാധ്യതയുണ്ടെന്നാണ് വാദം. 1998 മുതൽ അമേരിക്കയിൽ താമസിക്കുന്ന എൽ സാൽവഡോർ സ്വദേശിനിയുടെ അപേക്ഷ സെപ്റ്റംബറിൽ നിരസിച്ച സംഭവവും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. സ്റ്റാറ്റസ് അഡ്ജസ്റ്റ്മെന്റ് നടപടിക്രമത്തിന് അവർ അർഹയാണെന്ന് USCIS കണ്ടെത്തിയിരുന്നെങ്കിലും മറ്റ് ഘടകങ്ങൾ പരിഗണിച്ചാണ് അപേക്ഷ നിരസിച്ചതെന്നാണ് പരാതി.

ഏകദേശം 26 വർഷമായി അമേരിക്കയിൽ താമസിക്കുന്നതും യുഎസ് പൗരന്മാരായ മൂന്ന് മക്കളുള്ളതുമായ മറ്റൊരു അപേക്ഷകയോട്, കോൺസുലേറ്റ് വഴി അപേക്ഷിക്കുന്നതിനുപകരം അമേരിക്കയ്ക്കുള്ളിൽനിന്ന് തന്നെ സ്റ്റാറ്റസ് മാറ്റത്തിന് അപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന് അഭിമുഖത്തിനിടെ ചോദിച്ചതായും ഹർജിയിൽ പറയുന്നു. കേസ് ഫയൽ ചെയ്യുമ്പോഴും ഇവരുടെ അപേക്ഷയിൽ തീരുമാനമായിരുന്നില്ല. നടപടികൾ തുടരുന്നതിനിടെ പുതിയ നയങ്ങൾ നടപ്പാക്കുന്നത് തടയണമെന്നും അവ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നും ബാധിക്കപ്പെട്ട അപേക്ഷകളിൽ നിലവിലുള്ള നിയമങ്ങളും മുൻവിധികളും അനുസരിച്ച് തീരുമാനമെടുക്കണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

Labor unions and immigrant organizations have filed a petition in court against the Trump administration’s Green Card policies.

More Stories from this section

family-dental
witywide