ന്യൂഡൽഹി: കുരങ്ങുശല്യം തടയാൻ ഹനുമാൻ കുരങ്ങുകളുടെ ശബ്ദം അനുകരിക്കാൻ കഴിവുള്ള ആളുകളെ നിയമിക്കുന്നു. ഡൽഹി നിയമസഭാ മന്ദിരത്തിലെയും പരിസരത്തെയും കുരങ്ങുശല്യം തടയാനാണ് വിചിത്ര നടപടിയുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. നിയമസഭാ വളപ്പിൽ അതിക്രമിച്ചു കയറുന്ന കുരങ്ങുകളെ തുരത്താൻ ഈ മാർഗം ഫലപ്രദമാണെന്നാണ് അധികൃതരുടെ നിലപാട്.
യഥാർത്ഥ ലംഗൂറുകളെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഉപയോഗിക്കുന്നത് നിരോധിച്ച സാഹചര്യത്തിലാണ് ശബ്ദം അനുകരിക്കാൻ കഴിയുന്ന വിദഗ്‌ധരെ തേടുന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് ടെണ്ടർ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ലംഗൂറുകളുടെ ശബ്ദം കൃത്യമായി പുറപ്പെടുവിക്കാൻ കഴിവുണ്ടായിരിക്കണം. പ്രവൃത്തി ദിവസങ്ങളിലും ശനിയാഴ്ചകളിലും എട്ട് മണിക്കൂർ ഷിഫ്റ്റുകളിലായാണ് ഇവരെ പൊതുമരാമത്ത് വകുപ്പ് നിയോഗിക്കുക. മുൻപ് ജി-20 ഉച്ചകോടി സമയത്തും സമാനമായ രീതിയിൽ ലംഗൂർ അനുകരണക്കാരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിരുന്നു.
നിയമസഭാ പരിസരത്തെ ഡിഷ് ആന്റിനകളും ഇലക്ട്രിക് ലൈനുകളും കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവായതോടെയാണ് പൊതുമരാമത്ത് വകുപ്പിൻ്റെ ഈ വിചിത്രനടപടി. ജനപ്രതിനിധികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും കുരങ്ങുകൾ ഭീഷണിയാകുന്നുണ്ട്. ഇതിനുമുമ്പ് ലംഗൂറുകളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചെങ്കിലും കുരങ്ങുകൾ അവയ്ക്ക് മുകളിൽ ഇരിക്കാൻ തുടങ്ങിയതോടെ ആ പദ്ധതി പരാജയപ്പെട്ടു.
Langur experts to be deployed at Delhi assembly to fight off monkeys











