
പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ ഇരുകാലികളായ മനുഷ്യർ നന്നേ ബുദ്ധിമുട്ടുമ്പോൾ, നാല് കാലുകളും മീശയുമുള്ള ഉറക്ക പ്രിയനുമായ ഒരാളാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ സ്ഥിരതയുടെ അടയാളമാകുന്ന ലാറി. ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ ഔദ്യോഗിക എലിപിടുത്തക്കാരനായ ലാറി എന്ന പൂച്ചയെ പലർക്കും പരിചിതമായിരിക്കും. പത്താം നമ്പർ ഡൗണിംഗ് സ്ട്രീറ്റിൽ തൻ്റെ 15 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കുകയാണ് ലാറി ഇപ്പോൾ. 2011 ഫെബ്രുവരി 15-ന് ഡേവിഡ് കാമറൂണിന്റെ കാലത്താണ് ലാറി ഇവിടെ എത്തിയത്.
ഡേവിഡ് കാമറൂൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക്, ഇപ്പോൾ കെയർ സ്റ്റാർമർ എന്നിങ്ങനെ ആറ് ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ കാലയളവിൽ ലാറി ഡൗണിംഗ് സ്ട്രീറ്റിൽ താമസിച്ചിട്ടുണ്ട്.
കാബിനറ്റ് ഓഫീസിലെ ‘ചീഫ് മൗസർ’ (Chief Mouser to the Cabinet Office) എന്ന ഔദ്യോഗിക പദവി ലഭിക്കുന്ന ആദ്യത്തെ പൂച്ചയാണ് ലാറി. ലണ്ടനിലെ ബാറ്റർസീ ഡോഗ്സ് ആൻഡ് ക്യാറ്റ്സ് ഹോമിൽ നിന്നാണ് ലാറിയെ ദത്തെടുത്തത്. നിലവിൽ ലാറിക്ക് ഏകദേശം 19 വയസ്സുണ്ട്. രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും ഡൗണിംഗ് സ്ട്രീറ്റിലെ സ്ഥിരസാന്നിധ്യമായ ലാറി, എലികളെ പിടിക്കുക എന്നതിലുപരി, വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുക, സുരക്ഷാ പരിശോധന നടത്തുക തുടങ്ങിയവയാണ് പ്രധാന ചുമതലകളും വഹിക്കുന്നുണ്ട്.
ലാറി പ്രധാനമന്ത്രിയുടെ സ്വന്തം പൂച്ചയല്ല, മറിച്ച് ഡൗണിംഗ് സ്ട്രീറ്റിലെ ജീവനക്കാരാണ് ലാറിയെ പരിപാലിക്കുന്നത്. അതിനാൽ തന്നെ പ്രധാനമന്ത്രിമാർ മാറിയാലും ലാറിക്ക് അവിടെത്തന്നെ തുടരാം. ലാറിയുടെ പേരിൽ എക്സ്പ്ലാറ്റ്‌ഫോമിലുള്ള @Number10cat എന്ന അക്കൗണ്ടിന് 8 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയമായ മുഖങ്ങളിലൊന്നായി ലാറി ഇന്നും തുടരുന്നു.
Larry cat has now completed 15 years of service at Number 10 Downing Street.













