
കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിൽ ശക്തമായ രാഷ്ട്രീയ ധാരണയുണ്ടെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കോഴിക്കോട്ട് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെ ജയിപ്പിക്കാനാണ് പല മണ്ഡലങ്ങളിലും ബിജെപി ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. എൽഡിഎഫിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും വികസന മുരടിപ്പിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ മാറ്റം അനിവാര്യമാണെന്നും ഖർഗെ പറഞ്ഞു. ഷാഫി പറമ്പിലായിരുന്നു ഖർഗെയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ബാറുകളുടെ എണ്ണവും സംസ്ഥാനത്തിന്റെ കടബാധ്യതയും വർദ്ധിപ്പിച്ചതാണ് പിണറായി സർക്കാരിന്റെ ഏക നേട്ടമെന്ന് ഖർഗെ പരിഹസിച്ചു. ആരോഗ്യ മേഖല തകർന്നു, കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറി. സ്വർണ്ണക്കടത്ത് പ്രതികൾക്ക് രക്ഷപെടാൻ സർക്കാർ പഴുതൊരുക്കി. ശബരിമല വിഷയത്തിൽ ഭക്തരെ വഞ്ചിച്ച സർക്കാർ ദൈവത്തെ പോലും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചു. മെസ്സി വരുമെന്ന് പറഞ്ഞ് കായിക പ്രേമികളെയും യുവാക്കളെയും പറ്റിച്ച സർക്കാർ പ്രവാസികളെയും മലബാറിനെയും ഒരുപോലെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് അധികാരത്തിൽ വരുമെന്നും പ്രകടനപത്രികയിലെ എല്ലാ ഗ്യാരന്റികളും നടപ്പിലാക്കുമെന്നും ഖർഗെ ഉറപ്പുനൽകി. കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും കോൺഗ്രസ് വാഗ്ദാനങ്ങൾ പാലിച്ചു കഴിഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്നും കായിക താരങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നാടിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ബിജെപിയെയും സിപിഎമ്മിനെയും നേരിടാൻ ജനങ്ങൾ കൈപ്പത്തി അടയാളത്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
LDF and BJP in Secret Deal, Claims Mallikarjun Kharge; Promises UDF Will Fulfill All Poll Guarantees in Kerala















