
കോഴിക്കോട്/കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ മാമാങ്കം കൊഴുപ്പിച്ച് പ്രകടനപത്രിക പുറത്തിറക്കാൻ എൽഡിഎഫും യുഡിഎഫും. നാളെ രാവിലെ 10ന് തന്നെയാണ് ഇരു മുന്നണികളും പ്രകടന പത്രിക പുറത്തിറക്കുന്നത് എന്നുള്ളതാണ് ശ്രദ്ധേയം. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻ സ്മാരക മന്ദിരത്തിൽ വച്ച് രാവിലെ പത്ത് മണിക്കാണ് പ്രകാശനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പകളുടെയെല്ലാം ഭാഗമായി മുന്നോട്ട് വച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തിയാക്കിയെന്നാണ് എൽഡിഎഫ് പ്രോഗ്രസ് കാർഡ് പുറത്തിറക്കി വ്യക്തമാക്കുന്നത്.
അതേസമയം, യുഡിഎഫ് പ്രകടന പത്രിക നാളെ കൊച്ചിയിലാണ് പ്രകാശനം ചെയ്യുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ,കെ സി വേണുഗോപാൽ,വി ഡി സതീശൻ എന്നിവർ കൊച്ചിയിലെ ചടങ്ങിൽ പങ്കെടുക്കും. നിലവിൽ യുഡിഎഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരന്റിക്ക് പുറമെ എന്ത് പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ ഉണ്ടാവുക എന്നതാണ് ആകാംക്ഷ. നേരത്തെ തന്നെ വിദഗ്ധരെ ഉൾപ്പെടുത്തി ആരോഗ്യമേഖലയിലടക്കം സമഗ്രമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന പ്രകടന പത്രികയുടെ രൂപരേഖ യുഡിഎഫ് തയ്യാറാക്കിയിരുന്നു.
നാളെ രാവിലെ പത്തിന് എറണാകുളം അബാദ് പ്ലാസ ഹോട്ടലിലാണ് പ്രകാശന ചടങ്ങ്. ആധുനിക സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി വികസനത്തിൻറെയും കരുതലിൻറെയും പുതുയുഗ കേരളം സൃഷ്ടിക്കാനുള്ള രൂപരേഖയാണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ പോകുന്നതെന്ന് വി ഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തിൻറെ സമഗ്ര വികസനവും സാധാരണക്കാരൻറെയും പാർശ്വവത്ക്കരിക്കപ്പെട്ടവൻറെയും ആവലാതികളും ആവശ്യങ്ങളും പരിഹരിക്കാനുള്ള പദ്ധതികളാണ് പ്രകടന പത്രികയിലുള്ളതെന്നും വിഡി സതീശൻ പറഞ്ഞു.














