ബിജെപിയുടെ കിറ്റ് വിതരണത്തിൽ നടപടിയില്ലെന്ന് പരാതി, കളക്ടറേറ്റ് പടിക്കൽ കുത്തിയിരുന്ന് എൽഡിഎഫ് നേതാക്കൾ

തൃശ്ശൂരിൽ ബിജെപിയുടെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട പരാതിയിൽ നടപടിയെടുക്കാത്തതിനെതിരെ എൽഡിഎഫ് നേതാക്കൾ കളക്ടറേറ്റ് പടിക്കൽ പ്രതിഷേധിച്ചു. ബിജെപി നേതാക്കളെ ഇതുവരെ പ്രതിചേർക്കാത്തതിൽ പ്രതിഷേധിച്ചാണ് വി.എസ്. സുനിൽകുമാർ, സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ, സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ തുടങ്ങിയവർ കളക്ടറേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പരാതി അറിയിക്കാൻ എത്തിയപ്പോഴേക്കും ജില്ലാ കളക്ടർ ഓഫീസിൽ നിന്നും മടങ്ങിയതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്.

ബിജെപി ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കാഴ്ചക്കാരനായി നിൽക്കുകയാണെന്നും കെ.വി. അബ്ദുൽ ഖാദർ ആരോപിച്ചു. തങ്ങൾ വരുന്ന കാര്യം നേരത്തെ അറിയിച്ചിട്ടും കളക്ടർ പോയത് ജനാധിപത്യത്തെ അപഹസിക്കുന്നതിന് തുല്യമാണ്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയിൽ കളക്ടർ തന്റെ അധികാരം പൂർണ്ണമായി ഉപയോഗിക്കണമെന്നും ബിജെപിയുടെ മുന്നിൽ മുട്ടുമടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടർ നേരിട്ടെത്തി നിവേദനം ഏറ്റുവാങ്ങാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു നേതാക്കൾ. ഒടുവിൽ എ ഡി എമ്മിന് നിവേദനം നൽകി മടങ്ങി.

ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നഗ്നമായ വർഗീയ പരാമർശങ്ങൾ നടത്തിയിട്ടും കമ്മീഷൻ നടപടിയെടുത്തില്ലെന്ന് വി.എസ്. സുനിൽകുമാർ കുറ്റപ്പെടുത്തി. ബിജെപി പെരുമാറ്റച്ചട്ടം ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടത് കമ്മീഷന്റെ ജോലിയാണ്. തങ്ങൾക്ക് നിയമമൊന്നും ബാധകമല്ലെന്ന രീതിയിലാണ് ബിജെപി പ്രവർത്തിക്കുന്നത്. കിറ്റ് വിതരണത്തിന് പിന്നിൽ പ്രവർത്തിച്ച നേതാക്കൾക്കെതിരെ കർശന നടപടി വേണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു.

LDF Leaders Protest at Palakkad Collectorate Over Inaction Against BJP’s Kit Distribution

More Stories from this section

family-dental
witywide