തുടർഭരണം ഉറപ്പിക്കാൻ എൽഡിഎഫ്; ജനകീയ പ്രകടന പത്രിക പുറത്തിറക്കി, ക്ഷേമപെൻഷൻ 3000 രൂപയാക്കും

തുടർ ഭരണം ഉറപ്പിക്കാൻ ജനകീയ പദ്ധതികളുമായി പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്‌തകങ്ങളിലായാണ് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. ക്ഷേമപെൻഷൻ വർധനയുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

എൽഡിഎഫ് പ്രകടനപത്രിക പ്രഖ്യാപനങ്ങൾ

കേവല ദാരിദ്ര്യം ഇല്ലാതാക്കും

ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുംഎല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കും

കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷ ഉറപ്പാക്കുകയും മുതിർന്ന പൗരന്മാർക്കായി ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും

“പഠിച്ചാൽ ജോലി ഉറപ്പ്”: പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കും

യുവജനങ്ങളുടെ പുതിയ സംരംഭങ്ങൾക്ക് പലിശരഹിത വായ്‌പ നൽകും

ഗ്ലോബൽ കേപ്പബിലിറ്റി സെൻ്ററുകൾ (GCC) 40-ൽ നിന്ന് 120 ആയി വർദ്ധിപ്പിച്ച് രണ്ട് ലക്ഷം പ്രൊഫഷണലുകൾക്ക് തൊഴിൽ നൽകും

തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പാക്കും

കുടുംബശ്രീ വഴി 20 ലക്ഷം വീട്ടമ്മമാർക്ക് പ്രാദേശിക തൊഴിലുകൾ ലഭ്യമാക്കും

നെല്ലിന്റെ തറവില 35 രൂപയായും, നാളികേരത്തിന് 45 രൂപയായും, റബ്ബറിന് 300 രൂപയായും വർദ്ധിപ്പിക്കും

പാലുല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ‘കേരള ചിക്കൻ’ പദ്ധതി 5000 യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും

മത്സ്യത്തൊഴിലാളികൾക്ക് കടലിന്മേൽ ഉടമസ്ഥാവകാശവും ആദ്യ വിൽപനാവകാശവും നൽകുന്നതിനുള്ള സമുദ്ര പരിഷ്കാരം നടപ്പിലാക്കും

അടുത്ത അഞ്ച് വർഷം കൊണ്ട് രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം പശ്ചാത്തല മേഖലയിൽ ഉണ്ടാകും

ലൈഫ് മിഷൻ 2.0 വഴി അവശേഷിക്കുന്ന കുടുംബങ്ങൾക്കും വീട് നൽകി കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാക്കും

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കും

കൊച്ചി വാട്ടർ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂർ മേഖലകളിലേക്ക് വ്യാപിപ്പിക്കും

എല്ലാ റെയിൽവേ ലെവൽ ക്രോസുകളും ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും

സാർവ്വത്രിക ആരോഗ്യ പരിരക്ഷ: കാരുണ്യ പദ്ധതിയുടെ ചികിത്സാ പരിധി അഞ്ച് ലക്ഷം എന്നതിൽ നിന്ന് മാറ്റി പരിധിയില്ലാതെ ആനുകൂല്യം ലഭ്യമാക്കും

തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നാല് ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കും

അങ്കണവാടികൾ സ്‌മാർട്ടാക്കുകയും സ്കൂൾ വിദ്യാഭ്യാസത്തിൽ മിനിമം ശേഷി ഉറപ്പുവരുത്തുകയും ചെയ്യും

“ജീവജലം – കേരളം”: എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജനകീയ കാമ്പയിൻ

സമ്പൂർണ്ണ മാലിന്യസംസ്‌കരണം: കക്കൂസ് മാലിന്യ സംസ്കരണത്തിനായി എഫ്.എസ്.ടി.പി (FSTP) കൾ സ്ഥാപിക്കും

ശബരിമല മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുകയും “ക്ലീൻ പമ്പ” പദ്ധതി നടപ്പിലാക്കുകയും ചെയ്യും

സർക്കാർ ജീവനക്കാർക്കായി അഡ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കും തുടങ്ങി നിരവധി ജനകീയ വാഗ്ദാനങ്ങളാണ് എൽഡിഎഫ് പുറത്തിറക്കിയിരിക്കുന്നത്.

LDF releases manifesto to ensure continued rule, welfare pension to be increased to Rs. 3000

More Stories from this section

family-dental
witywide