
മുസ്ലിം ലീഗിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കലാപക്കൊടി ഉയർത്തി നേതൃത്വത്തെ വിമർശിച്ച അബ്ദുറഹിമാൻ രണ്ടത്താണിയെ ആയുധമാക്കി മലപ്പുറത്ത് മുന്നേറാൻ സി പി എമ്മിൽ തിരിക്കിട്ട നീക്കം. മലപ്പുറം ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തിരൂരങ്ങാടി മണ്ഡലത്തിൽ അബ്ദുറഹിമാൻ രണ്ടത്താണിയെ മത്സരിപ്പിക്കാനാണ് ആലോചന. സി പി ഐ ഈ സീറ്റ് വിട്ടുനൽകാൻ തയ്യാറാണെങ്കിൽ രണ്ടത്താണി തിരൂരങ്ങാടിയിൽ എൽഡിഎഫ് സ്വതന്ത്രനായി എത്തും. അവിടെയാണ് തനിക്ക് കൂടുതൽ വിജയസാധ്യതയെന്ന് രണ്ടത്താണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സിപിഐ സീറ്റ് വിട്ടുനൽകിയില്ലെങ്കിൽ രണ്ടത്താണിയെ വള്ളിക്കുന്ന് മണ്ഡലത്തിൽ പരിഗണിച്ചേക്കും.
നിലവിൽ താനൂർ എം എൽ എയും മന്ത്രിയുമായ വി അബ്ദുറഹിമാൻ ഇത്തവണ തിരൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. അബ്ദുറഹിമാന് പകരം താനൂരിൽ മുസ്തഫ വടശ്ശേരിയെ മത്സരിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്. മുസ്ലീം ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഈ സീറ്റ് മാറ്റമെന്നാണ് സൂചന. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ ഈ നിർദ്ദേശങ്ങൾ അന്തിമ അംഗീകാരത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറി. ജില്ലയിലെ ലീഗ് സ്വാധീനമുള്ള മണ്ഡലങ്ങളിൽ അട്ടിമറി വിജയം ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ പച്ചക്കൊടി ലഭിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
LDF reshuffles seats in Malappuram; Minister Abdurahiman to contest from Tirur












