അടുത്ത 5 വർഷം കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കാൻ കേരള ജനത ഇന്ന് പോളിംഗ് ബൂത്തിലെത്തും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പിനുള്ള സമയം. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നിയോജകമണ്ഡല അടിസ്ഥാനത്തിൽ കേന്ദ്രങ്ങളില്‍ പൂർത്തിയായിട്ടുണ്ട്. മൂന്നാം തുടർ ഭരണം തേടിയാണ് എൽഡിഎഫ് ജനവിധി തേടുന്നത്. 100 സീറ്റിലധികം നേടി ഭരണം പിടിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അത്ഭുതം കാട്ടാനാകുമെന്നാണ് എൻഡിഎ കേന്ദ്രങ്ങളുടെ വിശ്വാസം.
അറിയേണ്ടതെല്ലാം
വോട്ടിങിനെത്തുന്ന വോട്ടര്‍മാര്‍ക്ക് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സുരക്ഷിതമായിവെക്കാന്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളില്‍ ഒരുക്കും.സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണുള്ളത്. സർവീസ് വോട്ടർമാരുടെ എണ്ണം 53,984 ആണ്. 883 സ്ഥാനാർത്ഥികളാണ് വിവിധ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നത്. 24 താൽക്കാലിക ബൂത്ത് ഉൾപ്പെടെ 30,495 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകൾ 2040 എണ്ണമാണ്. ഇവിടെ സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
വോട്ട് ചെയ്യാൻ പോകുന്നതിന് മുമ്പ് കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റിലോ നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലിലോ നിങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പർ ഉപയോഗിച്ച് ബൂത്ത് വിവരങ്ങൾ കണ്ടെത്താം.
സാധാരണയായി വീടിനടുത്തുള്ള സ്കൂളുകളോ സർക്കാർ കെട്ടിടങ്ങളോ ആയിരിക്കും പോളിങ് ബൂത്തുകൾ. വോട്ടർ ഇൻഫർമേഷൻ സ്ലിപ്പിലോ Voter Helpline App വഴിയോ നിങ്ങളുടെ ബൂത്ത് കൃത്യമായി മനസ്സിലാക്കാം.
വോട്ട് ചെയ്യാൻ വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് മാത്രം മതിയാകില്ല. താഴെ പറയുന്ന ഏതെങ്കിലും ഒരു രേഖ കരുതേണ്ടതാണ്. വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, തൊഴിലുറപ്പ് പദ്ധതി കാർഡ് എന്നിവ ഉപയോഗിക്കാം.
വോട്ടിങ് കംപാർട്ട്‌മെന്റിനുള്ളിൽ കയറി നിങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടൺ അമർത്തുക. മെഷീനിൽ നിന്നുള്ള ബീപ്പ് ശബ്ദം വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു. വിവിപാറ്റ് മെഷീനിലെ സ്ലിപ്പിലൂടെ നിങ്ങൾ ആർക്കാണോ വോട്ട് ചെയ്തത് എന്ന് 7 സെക്കൻഡ് നേരത്തേക്ക് കാണാൻ സാധിക്കും.














