എൽഡിഎഫിന്റെ നാളുകൾ എണ്ണപ്പെട്ടു; കേരളം എൻഡിഎയെ സ്വീകരിക്കാൻ തയ്യാറെന്ന് പ്രധാനമന്ത്രി, കോട്ടയത്ത് ആവേശം വിതറി പ്രചരണം

കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നും സംസ്ഥാനം എൻഡിഎയെ സ്വീകരിക്കാൻ സജ്ജമായിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോട്ടയത്ത് നടന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചിട്ടും കേരളത്തിൽ വികസനം നടന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ കാണാൻ തടിച്ചുകൂടിയ ജനസഞ്ചയം കേരളത്തിലെ മാറ്റത്തിന്റെ സൂചനയാണെന്നും കേരളത്തിന്റെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരുവല്ലയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണിയെ പ്രധാനമന്ത്രി പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു. വർഷങ്ങളായി തന്നോടൊപ്പം പ്രവർത്തിക്കുന്ന അനൂപ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് വികസന പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും അദ്ദേഹത്തെ കേരളത്തിന് സമർപ്പിക്കുകയാണെന്നും മോദി പറഞ്ഞു. കോട്ടയം ജില്ലാ കമ്മിറ്റി പ്രധാനമന്ത്രിക്ക് തിരുരൂപം നൽകി സ്വീകരിച്ചപ്പോൾ, അനൂപ് ആന്റണി പടയണി തപ്പാണ് ഉപഹാരമായി നൽകിയത്. പ്രധാനമന്ത്രി തപ്പുകൊട്ടി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി.

ക്രൈസ്തവ ജനവിഭാഗത്തിന് മുൻതൂക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ബിജെപി വികസനം എത്തിച്ചുവെന്ന് മോദി ചൂണ്ടിക്കാട്ടി. കോട്ടയം വഴി വന്ദേഭാരത് ട്രെയിനുകൾ ഓടുന്നത് വികസനത്തിന്റെ അടയാളമാണ്. എന്നാൽ ശബരിമല വികസനത്തിന് അത്യന്താപേക്ഷിതമായ ശബരി റെയിൽ പദ്ധതി നടപ്പിലാക്കാൻ കേരള സർക്കാർ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ ശബരി പദ്ധതി നടപ്പിലാക്കുമെന്നും ഇത് മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

യുപിഎ കേന്ദ്രം ഭരിച്ചപ്പോൾ നൽകിയതിനേക്കാൾ അഞ്ചിരട്ടി പദ്ധതികളും തുകയുമാണ് കഴിഞ്ഞ പത്തു വർഷത്തിനിടെ എൻഡിഎ സർക്കാർ കേരളത്തിന് നൽകിയതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ പോലും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അവസ്ഥയാണുള്ളത്. കേരളത്തിൽ എൻഡിഎ അധികാരത്തിൽ വന്നാൽ ഡബിൾ എഞ്ചിൻ സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുമെന്നും വികസനത്തിന്റെ പുതിയ വെളിച്ചം സംസ്ഥാനത്ത് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LDF’s days are numbered; Kerala ready to welcome NDA, says PM Narendra Modi

More Stories from this section

family-dental
witywide