തനിക്ക് സീറ്റ് നിഷേധിച്ചത് ജമാഅത്തെ ഇസ്‌ലാമിക്കെതിരായ നിലപാട് സ്വീകരിച്ചതുകൊണ്ടാണെന്ന എളമരം കരീമിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. ആരുടെയെങ്കിലും ഇങ്കിതത്തിന് അനുസരിച്ച് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന പാർട്ടിയല്ല ലീഗെന്നും, തനിക്ക് സീറ്റ് കിട്ടാത്തതിന്റെ കാരണം എളമരം കരീമിന് എവിടെ നിന്ന് കിട്ടിയെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പിൽ അനുകൂലഘടകങ്ങൾ ഒന്നുമില്ലാത്തതുകൊണ്ടാണ് സി.പി.എം. ഇത്തരത്തിൽ കഥകൾ മെനയുന്നതെന്നും മുനീർ പരിഹസിച്ചു.
പാർലമെന്ററി രംഗത്ത് പുതിയ ആളുകൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് താൻ മാറിനിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓടിനടക്കാനുള്ള ആരോഗ്യസ്ഥിതി തനിക്കില്ലെന്നും ഇക്കാര്യങ്ങളെല്ലാം പാർട്ടിയുമായി സംസാരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തന്നെ പുറന്തള്ളിയതല്ലെന്നും എപ്പോഴും തന്നോടൊപ്പമുണ്ടെന്നും പുതിയ തലമുറയ്ക്ക് വേണ്ടി വഴിമാറിക്കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും മുനീർ കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്‌ലാമിയുമായി ആശയപരമായ വിയോജിപ്പ് താൻ പണ്ടുമുതലേ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുസ്ലിം ലീഗും ജമാഅത്തും രണ്ട് വ്യത്യസ്ത പ്രസ്ഥാനങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മത്സരിക്കുന്നവർ ജമാഅത്ത് നോമിനികളാണെന്നും മത്സരിക്കാത്തവർ ജമാഅത്ത് വിരുദ്ധരാണെന്നും പറയുന്ന പുതിയ നറേറ്റീവ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ജമാഅത്തെ ഇസ്‌ലാമിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് അവരാണെന്നും ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കേണ്ടത് ആ പ്രസ്ഥാനമാണെന്നും മുനീർ പറഞ്ഞു.
‘League not a party that decides candidates based on others’ whims’; M.K. Muneer hits back at Elamaram Kareem









