രാജ്യത്തെ ഇതിഹാസ പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ വൈകിട്ട് ശിവാജി പാർക്കിൽ നടക്കും. രാവിലെ മുതൽ വീട്ടിൽ പൊതു ദർശനം ഉണ്ടാകും.
വിവിധ ഭാഷകളിലായി12,000ത്തിലധികം ഗാനങ്ങള്‍ ആശാ ഭോസ്‌ലെ തന്റെ കരിയറില്‍ പാടി. 2000ത്തിൽ ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. 2008ൽ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. ഇന്ത്യന്‍ സംഗീത ലോകത്ത് ശബ്‌ദ മാധുര്യം കൊണ്ട് വിസ്മയമായി മാറിയ ഗായികയായിരുന്നു ആശാ ഭോസ്‌ലെ.
മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമതിയുടേയും മകളായി ഇൻഡോറിലെ കൊങ്കണി കുടുംബത്തിൽ 1933 സെപ്റ്റംബർ എട്ടിനായിരുന്നു ജനനം. ഗായിക ലതാ മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവർ സഹോദരങ്ങളാണ്. അച്ഛന്റെ ശിക്ഷണത്തിലായിരുന്നു ആശയും ലതയും സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്.1943ൽ മറാത്തി ചിത്രമായ മജാബലിലൂടെയായിരുന്നു അരങ്ങേറ്റം. ഹിന്ദിയിൽ 1948ൽ പുറത്തിറങ്ങിയ ചുൻരിയ ആയിരുന്നു ആദ്യചിത്രം.
1952ല്‍ സംഗ്ദില്‍ എന്ന ചിത്രത്തിലെ ഗാനങ്ങൾ ആശാ ഭോസ്‌ലെയ്ക്ക് അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. 1966 ൽ പുറത്തിറങ്ങിയ തീസിരി മൻസിലിൽ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്‌ലെ – ആർ.ഡി.ബർമൻ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആർ.ഡി.ബർമന്റെ പ്രിയപ്പെട്ട ഗായികയായി മാറിയ ആശ ഭോസ്‌ലെ പിന്നീട് ജീവിത സഖിയായി മാറി.
Legendary singer Asha Bhosle passes away









