പ്രധാനമന്ത്രിയുടെ അടക്കം പേര് വന്ന എപ്‌സ്റ്റീൻ ഫയലുകളിൽ അന്വേഷണം വേണം; ചീഫ് ജസ്റ്റിസിന് കത്തയച്ച് അഭിഭാഷകൻ

കുപ്രസിദ്ധ അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണക്കേസിലെ വെളിപ്പെടുത്തലുകളിൽ (എപ്‌സ്റ്റീൻ ഫയലുകൾ) അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്ത്. വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും വിശദമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ നരേന്ദ്ര മിശ്രയാണ് ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത്. പുറത്തുവന്ന രേഖകളിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടക്കം പേര് എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു.

ലോകമെമ്പാടുമുള്ള പ്രമുഖർ ഉൾപ്പെട്ട ഈ കേസിൽ ഇന്ത്യൻ പൗരന്മാരുടെ പേരും പരാമർശിക്കപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇത്തരത്തിലുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരെ കണ്ടെത്തേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്കും നീതിക്കും അനിവാര്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. വെളിപ്പെടുത്തലുകളിൽ പറയുന്ന വ്യക്തികളുടെ സാമ്പത്തിക ഇടപാടുകളും യാത്രാ വിവരങ്ങളും പരിശോധിക്കണമെന്നും നരേന്ദ്ര മിശ്ര ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമുണ്ടാക്കിയ എപ്‌സ്റ്റീൻ ഫയലുകൾ ഇന്ത്യയിലും വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖർക്ക് എപ്‌സ്റ്റീനുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നാണ് ഹർജിക്കാരന്റെ വാദം. കത്ത് പരിഗണിച്ച് കോടതി വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് നിയമവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. കേന്ദ്ര ഏജൻസികളോട് റിപ്പോർട്ട് തേടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

Letter Sent to Chief Justice Seeking Probe into Epstein Files and Indian Connections

More Stories from this section

family-dental
witywide