ഒട്ടാവ: യുഎസുമായുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിലും കാർണിക്ക് ജനപിന്തുണ തുടരുന്നതിന്റെ സൂചനയായാണ് തിരഞ്ഞെടുപ്പ് ഫലം. കാനഡയിൽ തിങ്കളാഴ്ച നടന്ന മൂന്ന് പാർലമെന്ററി ഉപതിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടി വിജയിച്ചു. മൂന്ന് എംപിമാരുടെ രാജിയെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ശ്രദ്ധേയമായ വിജയം ക്യൂബെക്കിലെ ചികൗട്ടിമി–ലെ ഫ്യോർഡ് മണ്ഡലത്തിലായിരുന്നു. നേരത്തെ കൺസർവേറ്റീവ് പാർട്ടിയുടെ കൈവശമുണ്ടായിരുന്ന സീറ്റാണ് ലിബറലുകൾ തിരിച്ചുപിടിച്ചിരിക്കുന്നത്.
ഒന്റാറിയോയിലെയും ബ്രിട്ടിഷ് കൊളംബിയയിലെയും മറ്റ് രണ്ട് സീറ്റുകളും ലിബറലുകൾ നിലനിർത്തി. പോളിങ് സർവേകളുടെ പ്രവചനങ്ങൾ ശരിവയ്ക്കുന്നതായിരുന്നു ഫലം.അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിക്കുകയും യുഎസ് മുന്നോട്ടുവെച്ച നിബന്ധനകൾ “അന്യായമാണെന്ന്” ആരോപിക്കുകയും ചെയ്തതിന് പിന്നാലെ കാർണിയുടെ ജനപിന്തുണ വർധിച്ചിരുന്നു. വിജയിച്ച മൂന്ന് ലിബറൽ സ്ഥാനാർഥികളെയും കാർണി എക്സിലൂടെ അഭിനന്ദിച്ചു. “മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് കാനഡ പരീക്ഷിക്കപ്പെടുകയാണ്. കാനഡക്കാർ അതിനെ നേരിടാൻ തയ്യാറാണ്,” അദ്ദേഹം കുറിച്ചു.
ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ ഹൗസ് ഓഫ് കോമൺസിലെ കാർണി സർക്കാരിന്റെ നേരിയ ഭൂരിപക്ഷം തുടരും. കഴിഞ്ഞ വർഷത്തെ ഫെഡറൽ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ലിബറലുകളുമായുള്ള വോട്ടുവ്യത്യാസം കുറയ്ക്കാൻ കൺസർവേറ്റീവുകൾക്ക് കഴിഞ്ഞിട്ടില്ല. ഏറ്റവും പുതിയ സർവേകൾ പ്രകാരം കാർണിയുടെ പാർട്ടിയേക്കാൾ ഏകദേശം 10 ശതമാനം പോയിന്റ് പിന്നിലാണ് കൺസർവേറ്റീവുകൾ. 2025 ഏപ്രിലിലെ തിരഞ്ഞെടുപ്പിന് ശേഷം കൺസർവേറ്റീവ് പാർട്ടിയിലെ നാല് എംപിമാർ ലിബറൽ പാർട്ടിയിലേക്ക് കൂറുമാറിയിട്ടുണ്ട്. മറ്റ് മൂന്ന് പേർ രാജിവെക്കുകയോ രാജി പ്രഖ്യാപിക്കുകയോ ചെയ്തു. തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്ന ക്യൂബെക്ക് മണ്ഡലത്തിലെ മുൻ കൺസർവേറ്റീവ് എംപി റിച്ചാർഡ് മാർട്ടൽ കഴിഞ്ഞ മാസം രാജിവെച്ചിരുന്നു.
കാർണി അദ്ദേഹത്തെ കാനഡ സെനറ്റിലേക്ക് നിയമിച്ചതിനെ തുടർന്നായിരുന്നു രാജി. കാനഡയിലെ സെനറ്റർമാരെ തിരഞ്ഞെടുക്കുന്നതല്ല. മാർട്ടലിന്റെ സീറ്റ് ലിബറലുകൾ തിരിച്ചുപിടിച്ചത് കൺസർവേറ്റീവ് നേതാവ് പിയർ പൊയിലീവറിന് മറ്റൊരു തിരിച്ചടിയായി. ജനുവരിയിൽ പാർട്ടി നേതൃപരീക്ഷണത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്.
അതേസമയം, കാർണി സർക്കാരിന്റെ അംഗീകാര നിരക്ക് അടുത്ത ആഴ്ചകളിൽ നാല് പോയിന്റ് ഉയർന്നതായി കനേഡിയൻ പോളിങ് സ്ഥാപനമായ അബാക്കസ് ഡാറ്റയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ജനപ്രീതിയും ഉയർന്നിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കാനഡയിൽ ജനപ്രീതി കുറവായതും യുഎസ് ഭരണകൂടവുമായുള്ള വ്യാപാര ചർച്ചകളിൽ നിന്ന് പിന്മാറാനുള്ള കാർണിയുടെ തീരുമാനത്തിന് കാനഡക്കാർ നൽകിയ പിന്തുണയുമാണ് ഈ മുന്നേറ്റത്തിന് കാരണമെന്ന് അബാക്കസ് ഡാറ്റ സ്ഥാപകൻ ഡേവിഡ് കൊളേറ്റോ പറഞ്ഞു.
ഈ പ്രവണത ക്യൂബെക്കിലാണ് ഏറ്റവും പ്രകടമെന്നും അദ്ദേഹം വ്യക്തമാക്കി. “രാജ്യത്തെ മറ്റേതൊരു പ്രദേശത്തേക്കാളും ക്യൂബെക്കിൽ കാർണിയുടെ വ്യക്തിപരമായ ജനപ്രീതി ശക്തമാണ്,” കൊളേറ്റോ പറഞ്ഞു. ട്രംപ് ഏർപ്പെടുത്തിയ പുതിയ 50 ശതമാനം തീരുവ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള കനേഡിയൻ പ്രവിശ്യകളിലൊന്നാണ് ക്യൂബെക്ക്. ഈ മാസം ആദ്യം വ്യാപാര ചർച്ചകൾ തകർന്നതിനെ തുടർന്നാണ് പുതിയ തീരുവ പ്രാബല്യത്തിൽ വന്നത്. 2028ഓടെ ക്യൂബെക്കിന്റെ വാർഷിക സാമ്പത്തിക ഉൽപാദനത്തിൽ 2 ബില്യൺ കനേഡിയൻ ഡോളറിന്റെ കുറവുണ്ടാകാമെന്ന് ആഗോള സാമ്പത്തിക പ്രവചന സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
Liberals sweep three seats in boost for Carney after trade tensions with US










