
ന്യൂയോർക്ക്: പ്രതീക്ഷകൾ അസ്തമിച്ച പലർക്കും പുതിയ കാൽച്ചുവട് വെക്കാൻ കൈത്താങ്ങ് ആകുകയാണ് മലയാളിയായ ന്യൂയോർക്കിലുള്ള ജോൺസൺ സാമുവൽ സ്ഥാപിച്ച ലൈഫ് ആൻഡ് ലിംബ്. കഴിഞ്ഞ 11 വർഷത്തോളമായി നൂറുകണക്കിന് ആളുകൾക്കാണ് അദ്ദേഹം സൗജന്യമായി കൃത്രിമ കാലുകൾ വെച്ചു നൽകിയത്. അപകടങ്ങളോ രോഗങ്ങളോ മൂലം കാലുകൾ നഷ്‌ടപ്പെട്ടവർക്ക് സൗജന്യമായി കൃത്രിമ കാലുകൾ വെച്ചു നൽകി നടക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലൈഫ് ആൻഡ് ലിംബ് എന്ന സംഘടനയുടെ ദൗത്യം.
കാൽ നഷ്ടപ്പെട്ടതും കൃത്രിമ കാൽ വെക്കാൻ ചെലവ് വഹിക്കാൻ കഴിയാത്തവർക്കും കൈത്താങ്ങ് ആകുകയാണ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ലൈഫ് ആൻഡ് ലിംബ് സംഘടന. ചലനശേഷി പുനഃസ്ഥാപിക്കുക, സ്വാതന്ത്ര്യവും മാന്യതയും തിരികെ നൽകുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം. ചലനം എന്നത് ശരീരത്തിന്റെ നീക്കം മാത്രമല്ല ആത്മവിശ്വാസം പുനർനിർമ്മിക്കാനും കുടുംബത്തെ പിന്തുണയ്ക്കാനും സമൂഹത്തിൽ സ്വന്തം സ്ഥാനം വീണ്ടെടുക്കാനും എന്നതിൻ്റെ അടിസ്ഥാനമാണെന്നാണ് സംഘടനയുടെ വിശ്വാസം.
2014-ൽ സ്ഥാപിതമായതുമുതൽ, കാൽ നഷ്ടപ്പെട്ടവർക്ക് ഉയർന്ന നിലവാരമുള്ള, വ്യക്തിഗതമായി തയ്യാറാക്കിയ കൃത്രിമ കാൽ പൂർണ്ണമായും സംഘടന സൗജന്യമായാണ് നൽകുന്നത് ഓരോ വ്യക്തിയുമായും അടുത്ത് സഹകരിച്ച്, അവർക്കുള്ള കൃത്രിമ കാൽ വെച്ചു നൽകുന്നതിനോടൊപ്പം ജീവിതം മാറ്റിമറിക്കുന്ന തരത്തിൽ കൃത്യതയോടും കരുണയോടും പരിചരണത്തോടും കൂടി അവരുടെ കൂടെ നിൽക്കും.
ഓരോ വ്യക്തിക്കും ശക്തിയോടെ നടക്കാനും മാന്യതയോടെ ജീവിക്കാനും യാതൊരു പരിമിതികളുമില്ലാതെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും അവസരം നൽകുകയാണ് ലൈഫ് ആൻഡ് ലിംബ് സംഘടന. അമേരിക്കയിലും കേരളത്തിലും ലൈഫ് ആൻഡ് ലിംബ് ഫൗണ്ടേഷൻ പ്രവർത്തിച്ചു വരുന്നുണ്ട്.
സഹായം ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ – 0892 1168787 (നോർമൽ ബിസിനസ്സ് സമയം)
അപ്ലൈ ചെയ്യേണ്ട വെബ്സൈറ്റ്: http://www.lifeandlimbs.org
ജോൺസൺ സാമുവൽ (യുഎസ്എ) – +1 (646) 996-1692
“Life and Limb, an American Malayali organization, shines as a beacon of hope by giving new footsteps to dreams.”










