41 പേർക്ക് കൈത്താങ്ങായി ‘ലൈഫ് ആൻഡ് ലിംബ്’; അമേരിക്കൻ മലയാളി സംഘടനയുടെ സൗജന്യ കൃത്രിമക്കാൽ വിതരണം ജനുവരി 9 ന് കോട്ടയത്ത്

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് പുതിയൊരു ജീവിതം പ്രദാനം ചെയ്യുന്നതിനായി ‘ലൈഫ് ആൻഡ് ലിംബ്’ സംഘടനയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൃത്രിമക്കാൽ വിതരണം സംഘടിപ്പിക്കുന്നു. അമേരിക്കൻ മലയാളിയായ ജോൺസൺ സാമുവലിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്നാണ് ഈ കാരുണ്യപ്രവൃത്തിക്ക് ചുക്കാൻ പിടിക്കുന്നത്. 2026 ജനുവരി 9 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം ഇരയിൽക്കടവിലെ ആൻസ്‌ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ചാണ് വിതരണ ചടങ്ങ് നടക്കുന്നത്.

2014 മുതൽ കാലുകൾ നഷ്ടപ്പെട്ടവർക്ക് താങ്ങായി പ്രവർത്തിക്കുന്ന ഈ സംഘടന, ഇതുവരെ 344 പേർക്ക് മികച്ച നിലവാരമുള്ള കൃത്രിമക്കാലുകൾ നൽകി സഹായിച്ചിട്ടുണ്ട്. 2025-ലെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി, സംഘടനയുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 41 പേർക്കാണ് ഇത്തവണ സഹായം ലഭിക്കുന്നത്. ജർമ്മൻ കമ്പനിയായ ‘ഓട്ടോബോക്ക്’ നിർമ്മിക്കുന്ന ഉയർന്ന നിലവാരമുള്ള കാലുകളാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്.

മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ.എ.എസ്, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, സിനിമാ സംവിധായകൻ ബ്ലെസി, ഗോപിനാഥ് മുതുകാട്, ചാണ്ടി ഉമ്മൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, ഫാ : ഡേവിസ് ചിറമേൽ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് വിതരണ ചടങ്ങ് നടക്കുക. മാധ്യമപ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടക്കുന്ന ഈ പരിപാടിയിലൂടെ ശാരീരികമായ പരിമിതികളെ മറികടന്ന് മുന്നേറാൻ 41 പേർക്ക് സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

More Stories from this section

family-dental
witywide