
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിൻ്റെ കോഴിക്കോട് നടക്കാവിലെ ‘ക്രസൻ്റ്’ എന്ന വീട് ജപ്തി ഭീഷണിയിൽ. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്നടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.
ഏകദേശം 49 ലക്ഷം രൂപയിലധികം വരുന്ന കുടിശ്ശിക 2026 മാർച്ച് 31-നകം തിരിച്ചടയ്ക്കണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. നിശ്ചിത സമയത്തിനകം തുകയടച്ചില്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകാനാണ് ബാങ്കിൻ്റെ തീരുമാനം.
കഴിഞ്ഞ കുറച്ചു കാലമായി ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു എം.കെ. മുനീർ. ചികിത്സാ കാലയളവിൽ വായ്പാ തിരിച്ചടവിൽ മുടക്കം സംഭവിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിവരം. ഏതാനും മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ മുനീറിനെ സന്ദർശിക്കാനെത്തിയതും ഇതേ വീട്ടിലായിരുന്നു. മുൻ മുഖ്യമന്ത്രിയും എം.കെ. മുനീറിൻ്റെ പിതാവുമായ സി.എച്ച്. മുഹമ്മദ് കോയ പണിത വീടാണിത്. ഇത് പിന്നീട് മുനീർ പുതുക്കി പണിയുകയായിരുന്നു. ഇതിനായി 70 ലക്ഷത്തോളം രൂപ മുനീർ വായ്പയെടുത്തിരുന്നു.വായ്പയുടെ ഘട്ടങ്ങളായുള്ള തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാധ്യതയായത്.
കോഴിക്കോട്ടെ ലീഗിനെ സംബന്ധിച്ചിടത്തോളം ഒരു വീട് എന്നതിനപ്പുറം മുസ്ലിംലീഗിൻ്റെ ഒരു ആസ്ഥാനമന്ദിരം പോലെ പ്രവർത്തിച്ചിരുന്ന സ്ഥലമാണിത്. നേരത്തെ കോഴിക്കോട് ജാഫർ ഖാൻ കോളനിയിലെ മുനീറിന്റെ മറ്റൊരു വീടും ജപ്തി ഭീഷണി നേരിട്ടിരുന്നു . തുടർന്ന് വിൽപന നടത്തിയാണ് ഇതിന്റെ ബാധ്യത തീർത്തത്.
Loan repayments delayed; Muslim League leader MK Muneer’s house under threat of seizure















