ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗൺ ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ . അത്തരമൊരു നിർദ്ദേശം സർക്കാരിൻ്റെ പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ആഗോള പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ശാന്തരായിരിക്കണമെന്നും, ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഉത്തരവാദിത്തമില്ലാത്തതും ദോഷകരവുമായ പ്രവൃത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ-യുഎസ് യുദ്ധത്തെത്തുടർന്ന് ആഗോള ഊർജ്ജ വിതരണത്തിലുണ്ടായ തടസ്സങ്ങൾ കണക്കിലെടുത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ വിശദീകരണം.

“ആഗോള സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്. ഊർജ്ജം, വിതരണ ശൃംഖലകൾ, അവശ്യസാധനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും തടസ്സമില്ലാതെ ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്,” ഹർദീപ് സിംഗ് പുരി എക്സിൽ കുറിച്ചു. ഏത് വെല്ലുവിളികളെയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എങ്ങനെയാണ് അഭ്യൂഹങ്ങൾ പടർന്നത്?

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻ്റിൽ നടത്തിയ പ്രസംഗമാണ് ഇത്തരം തെറ്റായ പ്രചരണങ്ങൾക്ക് വഴിവെച്ചത്. കോവിഡ് കാലത്ത് രാജ്യം ഒരുമിച്ച് നിന്നതുപോലെ ഇപ്പോഴത്തെ പ്രതിസന്ധികളെയും നേരിടാൻ തയ്യാറായിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. എന്നാൽ പ്രസംഗത്തിൽ എവിടെയും ‘ലോക്ക്ഡൗൺ’ എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. കോവിഡ് കാലത്തെ പ്രതിരോധത്തെ ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ചില രാജ്യങ്ങളിൽ ഇന്ധന ലാഭത്തിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും, ഇന്ത്യയിൽ ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ആറാം വാർഷികം അടുത്തെത്തിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

Lockdown in India again? Central government responds to rumors

More Stories from this section

family-dental
witywide