പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം ലോക്സഭ പാസാക്കി. പാർലമെന്റ് ചരിത്രത്തിലെ അപൂർവ്വമായ നീക്കമാണിത്. 2004 ന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു നീക്കം. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭാനടപടികൾ തടസ്സപ്പെട്ടതോടെ, ചർച്ചകൾ ചുരുക്കി പ്രമേയം വോട്ടിനിടുകയായിരുന്നു. ശബ്ദവോട്ടോടെയാണ് സഭ നന്ദിപ്രമേയം അംഗീകരിച്ചത്.
എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നും ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സഭയുടെ നടുത്തളത്തിലിറങ്ങിയ അംഗങ്ങൾ പ്ലക്കാർഡുകളുയർത്തി മുദ്രാവാക്യം വിളിച്ചതോടെ പ്രധാനമന്ത്രിക്ക് പ്രസംഗിക്കാൻ സാധിക്കാത്ത സാഹചര്യം സംജാതമായി. ഇതോടെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പ്രമേയം വോട്ടിനിടാൻ ആവശ്യപ്പെടുകയും സ്പീക്കർ നടപടികളുമായി മുന്നോട്ട് പോവുകയുമായിരുന്നു.
പ്രധാനമന്ത്രിയെ സംസാരിക്കാൻ അനുവദിക്കാത്ത പ്രതിപക്ഷ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ഭരണപക്ഷം ആരോപിച്ചു. എന്നാൽ പ്രധാനമന്ത്രി ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണെന്നും ജനകീയ വിഷയങ്ങളിൽ മറുപടി പറയാൻ ഭയമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. നന്ദിപ്രമേയം പാസായതോടെ ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും സമാനമായ രീതിയിൽ പ്രതിഷേധങ്ങൾ തുടരുകയാണ്.















