
ഇന്ത്യ – അമേരിക്ക വ്യാപാര കരാറിൽ ഇന്ന് ലോക്സഭയിൽ അതിശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രതിഷേധമുയർത്തി. ലോക്സഭയിടെ നടുത്തളത്തിലിറങ്ങിയും പ്രതിപക്ഷ എം പിമാർ പ്രതിഷേധം ഉയർത്തി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നിൽ കീഴടങ്ങിയ പ്രധാനമന്ത്രി മോദി, ഇന്ത്യയെ വിറ്റു എന്നാണ് എം പിമാർ വിളിച്ചുപറഞ്ഞത്. കോംപ്രമൈസ് മോദി എന്നും പ്രധാനമന്ത്രിയെ പ്രതിപക്ഷ അംഗങ്ങൾ വിശേഷിപ്പിച്ചു.
അതിനിടെ ലോക്സഭയിലെ പ്രതിഷേധങ്ങളെത്തുടർന്ന് എട്ട് പ്രതിപക്ഷ എംപിമാരെ സ്പീക്കർ ഓം ബിർള സസ്പെൻഡ് ചെയ്തു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർ നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് നടപടി. ബജറ്റ് സമ്മേളനത്തിന്റെ ബാക്കി കാലയളവിലേക്കാണ് സസ്പെൻഷൻ.
ഹൈബി ഈഡനും ഡീൻ കുര്യാക്കോസിനും പുറമെ മണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജത് ഔജ്ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഡി എന്നീ കോൺഗ്രസ് എംപിമാരെയും സിപിഎം അംഗം സു. വെങ്കിടേശനെയുമാണ് സ്പീക്കർ സസ്പെൻഡ് ചെയ്തത്. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ സഭ അംഗീകരിക്കുകയായിരുന്നു. സഭയുടെ അന്തസ്സ് കെടുത്തുന്ന രീതിയിൽ പെരുമാറിയതിനാലാണ് കടുത്ത നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
സസ്പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റേത് ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും ശബ്ദമുയർത്തുന്നവരെ പുറത്താക്കി സഭ നിശബ്ദമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ കുറ്റപ്പെടുത്തി. ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ചതാണ് നടപടിക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു.












