ലോക കേരളസഭ സമാപന സമ്മേളനം: ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട വിസ തട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് വിസ തട്ടിപ്പ് തുടങ്ങിയ തട്ടിപ്പുകൾ നടക്കുന്നുണ്ടന്നും ഇതിനെതിരെ നടപടിയും ബോധവൽക്കരണവും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാമത് ലോക കേരളസഭയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് എംബസി ഇല്ലാത്ത രാജ്യങ്ങളിൽ നോർക്ക പ്രതിനിധിയെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നതിലും മുഖ്യമന്ത്രി പ്രതികരിച്ചു.

എംബസി പോലും ഇല്ലെങ്കിൽ നമുക്ക് എന്താണ് അവിടെ ചെയ്യാൻ പറ്റുകയെന്നത് പരിശോധിക്കുകയും അക്കാര്യം ചർച്ച ചെയ്യേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. 15 ആം പഞ്ചവൽസര പദ്ധതി തയ്യാറാക്കുന്ന ഘട്ടത്തിലാണ് ലോക കേരള സഭ ചർച്ചകൾ നടന്നത്. പദ്ധതി തയ്യാറാക്കുന്നതിന് അത് ഗുണകരം. വിദ്യാർത്ഥികൾക്കായി ഒരു ലോക കേരള സഭ ഉദ്ദേശിക്കുന്നില്ല. വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രശ്നങ്ങൾ ലോക കേരള സഭയിൽ ചർച്ച ചെയ്യും.

സുരക്ഷിതത്വമാണ് എല്ലാവർക്കും പ്രധാനം. സുശക്തമായ കുടിയേറ്റ നിയമമാണ് വേണ്ടത്. നമുക്ക് അത് ഏറ്റവും പ്രധാന വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരാണ് ഈ നിയമ നിർമ്മാണം നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.ദീർഘനാളത്തെ മുറവിളിയിലാണ് എമിഗ്രേഷൻ നിയമം 2019ന്റെ കരട് പുറത്തിറക്കിയത്. 2021ൽ രണ്ടാം കരടും പ്രസിദ്ധീകരിച്ചു.

2025ൽ ഓവർസീസ് മൊബൈലിറ്റി ഫെസിലിറ്റേഷൻ വെൽഫെയർ ബില്ല് പ്രസിദ്ധീകരിച്ചു. കാതലായ മാറ്റങ്ങളോടെയാണ് പുതിയ ബില്ല്. സാധാരണക്കാരായ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണോ ഈ ബില്ല് എന്ന സംശയം പൊതുവെ ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബില്ല് പാർലമെ‍ൻ്റിൽ അവതരിപ്പിച്ച് നിയമമാക്കുന്ന കാര്യത്തിൽ വലിയ അലംഭാവമാണ് കേന്ദ്ര സർക്കാർ കാണിച്ചത്. ഇത് സംസ്ഥാന സർക്കാർ കേന്ദ്രത്തെ നിരന്തരം അറിയിച്ചിട്ടുണ്ട്. ഇനിയും അതിനുള്ള സമ്മർദം തുടരും. ഉയർന്നു വന്ന നിർദേശങ്ങൾ ഗൗരവതരമായി പരിശോധിക്കാൻ സ്റ്റാൻഡിങ് കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Loka Kerala Sabha closing conference: CM says strong action will be taken against visa fraud related to job offers

More Stories from this section

family-dental
witywide