തിരുവനന്തപുരം: ലോക കേരളസഭയുടെ സഭാ നടപടികൾക്ക് ഇന്ന് രാവിലെ തുടക്കമാകും. സഭാ നടപടികൾ നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ പകൽ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രവാസി വിദ്യാർഥികൾക്കായുള്ള സ്റ്റുഡന്റ്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ് ഡെസ്ക്‌ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
സമ്മേളനത്തിൽ 125 രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽനിന്നുമായി അഞ്ഞൂറിലധികം മലയാളി പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. എട്ട് പ്രധാന വിഷയങ്ങളിലൂന്നിയുള്ള ചർച്ചകളും പ്രാദേശിക സമ്മേളനങ്ങളും രണ്ട് ദിവസമായി നടക്കും. പ്രവാസികളുടെ നിക്ഷേപവും വൈദഗ്‌ധ്യവും നവകേരള നിർമിതിക്കായി പ്രയോജനപ്പെടുത്തുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ സമ്മേളനത്തിലുണ്ടാകും.
ഇന്നലെ നടന്ന ലോക കേരളസഭയുടെ അഞ്ചാം പതിപ്പിൻ്റെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, എ കെ ശശീന്ദ്രൻ, കെ രാജൻ, റോഷി അഗസ്റ്റിൻ, ജി ആർ അനിൽ, കെ കൃഷ്ണൻകുട്ടി, എംഎ യൂസഫലി, ഡോ. രവിപിള്ള, നോർക്ക റൂട്ട്സ് റസിഡന്റ്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.
Loka Kerala Sabha proceedings begin today; Chief Minister to inaugurate












