
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിതയ്ക്ക് വ്യത്യസ്തമായ രീതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഐക്യദാർഢ്യം. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരെ തിരുവനന്തപുരത്ത് നടന്ന സത്യഗ്രഹ വേദിയിൽ, അതിജീവിതയുടെ കുറിപ്പിലെ വരികൾ ആലേഖനം ചെയ്ത കപ്പുമായാണ് മുഖ്യമന്ത്രി എത്തിയത്. അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ‘Love you to moon and back’ എന്ന വാക്കുകളായിരുന്നു മുഖ്യമന്ത്രി ഉപയോഗിച്ച ചായക്കോപ്പയിൽ ഉണ്ടായിരുന്നത്. ഈ ചിത്രം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ അതീവ വൈകാരികമായ ഒരു കുറിപ്പാണ് അതിജീവിത ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്. “ദൈവത്തിന് നന്ദി, വേദനകൾക്കും വഞ്ചനകൾക്കും ഇടയിൽ ദൈവം എന്നെ അംഗീകരിച്ചു” എന്നായിരുന്നു യുവതിയുടെ പ്രതികരണം. ലോകം കേൾക്കാതെ പോയ നിലവിളികൾ ദൈവം കേട്ടുവെന്നും, മക്കളെ ബലം പ്രയോഗിച്ച് മാറ്റിയപ്പോഴും ദൈവം തുണയായെന്നും കുറിച്ച അതിജീവിത, ഇതേ കുറിപ്പിന്റെ അവസാനമാണ് ‘Love you to moon and back’ എന്ന വാചകം കുറിച്ചത്.
പൊതുവേദിയിൽ ഇത്തരം ഒരു സന്ദേശമുള്ള കപ്പ് ഉപയോഗിച്ചതിലൂടെ അതിജീവിതയുടെ പോരാട്ടത്തിന് വലിയ രാഷ്ട്രീയ പിന്തുണയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിയമനടപടികൾ പുരോഗമിക്കവെ, ഇരയാക്കപ്പെട്ട യുവതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടി വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഭരണകൂടം അതിജീവിതയ്ക്കൊപ്പമാണെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ നൽകിയിരിക്കുന്നത്.














