എൽപിജി ക്ഷാമം നേരിടാൻ സിലിണ്ടർ വിതരണത്തിൽ മുൻഗണനാ ക്രമവും നിരീക്ഷണ സമിതിയും, സിലിണ്ടർ പരിധി കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടാനും തീരുമാനിച്ച് പിണറായി സർക്കാർ

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ പാചകവാതക ക്ഷാമം മറികടക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം മൂന്ന് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. ഗാർഹികേതര എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും സ്കൂളുകൾക്കും മുൻഗണന നൽകാനും, വിതരണം നിരീക്ഷിക്കാൻ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. കൂടാതെ, കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സംഘത്തെ നിയോഗിക്കുന്നതിനൊപ്പം കേരളത്തിനുള്ള ഗാർഹികേതര സിലിണ്ടറുകളുടെ പരിധി വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും യോഗം നിശ്ചയിച്ചു.

അറിയിപ്പ് ഇപ്രകാരം

വ്യാവസായിക – ഗാർഹിക ഉപയോഗങ്ങൾക്ക് ആവശ്യമായ പാചക വാതക സിലണ്ടറുകളുടെ ദിനം പ്രതിയുള്ള ഉപഭോഗം, വിതരണം എന്നിവ നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിൽ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കും. ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയും ഇതിനോട് അനുബന്ധമായി രൂപീകരിക്കും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഡാഷ് ബോർഡ് ഉപയോഗിച്ചാവും നിരീക്ഷണം നടത്തുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ പാചക വാതക കമ്പനി പ്രതിനിധികളുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചയിലാണ് പാചക വാതക പ്രതിസന്ധി നേരിടാൻ അടിയന്തിര നടപടികൾ കൈകൊള്ളാൻ തീരുമാനിച്ചത്. വ്യവസായിക ഗ്യാസ് സിലണ്ടറുകൾ ലഭിക്കാത്തത് മൂലം പ്രതിസന്ധി രൂപപ്പെടുമ്പോൾ ഏതൊക്കെ വിഭാഗങ്ങൾക്ക് മുൻഗണന നൽകി ഗ്യാസ് സിലണ്ടർ നൽകണം എന്നും യോഗം അവലോകനം ചെയ്തു.
ആശുപതികൾ, വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ, ഐ ടി പാർക്കിലെ ക്യാന്‍റീനുകൾ, ഫാക്ടറികളിലെ ക്യാന്‍റീനുകൾ എന്നിവയ്ക്ക് മുൻഗണന നിശ്ചയിക്കും. ഇതിന് വേണ്ടി ഒരു മാർഗ്ഗരേഖ പുറപ്പെടുവിക്കാം എന്ന് വിവിധ പാചക വാതക കമ്പനി പ്രതിനിധികൾ ഉറപ്പ് നൽകി. ഇവരെ കൂടാതെ മുൻഗണനാ ക്രമത്തിലേക്ക് മറ്റ് ഏതെല്ലാം വിഭാഗങ്ങളെ ഉൾക്കൊള്ളിക്കണമെന്ന് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത ശേഷം പാചക വാതക കമ്പനികൾക്ക് പട്ടിക കൈമാറും. ക്ഷാമം മൂലം ശ്മശാനങ്ങളുടെ പ്രവർത്തനം തടസപ്പെടുന്ന യാതൊരു സാഹചര്യവും ഉണ്ടാവാൻ പാടില്ല എന്ന്
മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. മണ്ണെണ്ണ വിതരണം കൂട്ടാൻ ഉള്ള നടപടികൾ കാര്യക്ഷമമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് നടപടി എടുക്കും. ഗാർഹിക സിലണ്ടറുകൾ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ റവന്യു, സിവിൽ സപ്ലൈസ്, പൊലീസ്, പാചക വാതക കമ്പനി പ്രതിനിധികൾ ഉൾപ്പെട്ട എൻഫോഴ്സ്മെന്‍റ് സംഘം പരിശോധന ശക്തമാക്കും. നിലവിൽ സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി 20% ആണ്. അതിഥി തൊഴിലാളികൾ അടക്കമുള്ളവർ കൂടുതലായുള്ള സാഹചര്യം പരിഗണിച്ച് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടും. പാചക വാതക പ്രതിസന്ധി സംബന്ധിച്ച് വ്യാജ വാർത്തകളെ നേരിടാനുള്ള നടപടി സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിക്കും. സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, ധനമന്ത്രി കെ എൻ ബാലഗോപാൽ, തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഐ ഓ സി എൽ ചീഫ് ജനറൽ മാനേജർ ഗീതിക വർമ്മ, ബി പി സി എൽ എൽ പി ജി സംസ്ഥാന മേധാവി തര്യൻ പീറ്റർ, എച്ച് പി സി എൽ റീജിയണൽ മാനേജർ അംസൂർ റഹ്മാൻ അടക്കമുള്ള പൊതുമേഖലാ എണ്ണ കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

LPG Crisis: Kerala Govt Fixes Priority List and Monitoring Panel; Urges Centre to Increase Cylinder Quota

More Stories from this section

family-dental
witywide