ഹോർമൂസ് കടന്ന് ഇന്ധനവുമായി ഐഎൻഎസ് ശിവാലിക് എത്തുന്നു, എൽപിജിയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രം, ‘രാജ്യത്തെ ഉൽപാദനത്തിൽ 31% വർധന, പാനിക് ബുക്കിംഗ് വേണ്ട’

പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ രാജ്യത്തുണ്ടായ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് എൽപിജി ഉൽപാദനത്തിൽ 31 ശതമാനം വർധനവ് വരുത്തിയതായി കേന്ദ്ര സർക്കാർ. വിവിധ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജ്യത്ത് എൽപിജി ലഭ്യതയിൽ നിലവിൽ കുറവില്ലെന്ന ആശ്വാസവാർത്ത കേന്ദ്രം പങ്കുവെച്ചത്. സിലിണ്ടറുകൾ പൂഴ്ത്തിവെയ്ക്കുന്നതും കരിഞ്ചന്തയിൽ വിൽക്കുന്നതും തടയാൻ രാജ്യവ്യാപകമായി കർശന പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ അനാവശ്യമായി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നത് (പാനിക് ബുക്കിംഗ്) ഒഴിവാക്കണമെന്നും ഏജൻസികളിൽ നേരിട്ട് പോകാതെ ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സർക്കാർ നിർദ്ദേശിച്ചു.

പ്രതിസന്ധി മറികടക്കാൻ വിദേശത്തുനിന്നുള്ള ഇന്ധനനീക്കം ഊർജിതമാക്കിയതായും കേന്ദ്രം അറിയിച്ചു. 40,000 മെട്രിക് ടണ്ണിലധികം എൽപിജിയുമായി ഐഎൻഎസ് ശിവാലിക് ഉൾപ്പെടെയുള്ള രണ്ട് കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് തിരിച്ചു കഴിഞ്ഞു. ഈ കപ്പലുകൾ മാർച്ച് 16, 17 തീയതികളിലായി ഇന്ത്യൻ തീരത്തെത്തും. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലും മേഖലയിലുള്ള ഇന്ത്യൻ നാവികർ പൂർണ്ണ സുരക്ഷിതരാണെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിരന്തരം ഇടപെടുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനിടെ, കൊച്ചി തീരത്ത് നങ്കൂരമിട്ടിരുന്ന ഇറാനിയൻ നാവിക കപ്പലിലെ ഉദ്യോഗസ്ഥർ മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു. പാചകവാതക വിതരണത്തിലെ സുതാര്യത ഉറപ്പാക്കാൻ ഡിജിറ്റൽ ബുക്കിംഗിനായി വിപുലമായ ബോധവൽക്കരണ ക്യാമ്പയിനുകൾക്കും മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്.

LPG Production Surges by 31% Amid Crisis; INS Shivalik to Reach India with Fuel by March 16

More Stories from this section

family-dental
witywide