ഇർഷാദിന്‍റെ അധിക്ഷേപം തള്ളി എം ലിജു, യു പ്രതിഭയോട് ഖേദം പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി; ‘പരാമർശം അപലപനീയം, രാഷ്ട്രീയ സംസ്കാരത്തിന് യോജിക്കാത്തത്’

കായംകുളം എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ എംഎൽഎയ്‌ക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനർ ഇർഷാദ് ചക്കാലശ്ശേരി നടത്തിയ അധിക്ഷേപ പ്രസംഗത്തെ തള്ളി യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു രംഗത്തെത്തി. വ്യക്തിപരമായ വിമർശനങ്ങൾ ഉന്നയിക്കാനുള്ള ഇടമല്ല തിരഞ്ഞെടുപ്പ് വേദികളെന്ന് ലിജു വ്യക്തമാക്കി. ഇർഷാദിന്റെ പരാമർശത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇത്തരം സ്ത്രീവിരുദ്ധമായ നിലപാടുകൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച ലിജു, രാഷ്ട്രീയ പോരാട്ടം നയങ്ങളും വികസനങ്ങളും കേന്ദ്രീകരിച്ചാകണമെന്നും ഓർമ്മിപ്പിച്ചു.

വികസന പ്രവർത്തനങ്ങളെക്കാൾ ശരീരസൗന്ദര്യത്തിനും വാക്ചാതുര്യത്തിനുമാണ് പ്രതിഭ മുൻഗണന നൽകുന്നതെന്ന ഇർഷാദ് ചക്കാലശ്ശേരിയുടെ പ്രസംഗമാണ് വലിയ വിവാദത്തിന് തിരി കൊളുത്തിയത്. പരാമർശം വ്യക്തിഹത്യയുടെ അങ്ങേയറ്റമാണെന്നും സ്ത്രീസമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നതാണെന്നും യു പ്രതിഭ പ്രതികരിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനും നിയമനടപടികളുമായി മുന്നോട്ടുപോകാനുമാണ് എൽഡിഎഫ് തീരുമാനം. വിവാദം കടുത്തതോടെ തന്റെ വാക്കുകൾ സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇർഷാദ് വ്യക്തമാക്കിയിരുന്നു.

അതേസമയം, വിഷയത്തിൽ യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. യുഡിഎഫിന്റേത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്നും സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് അവരുടെ തെറ്റിദ്ധാരണയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകൾക്കുമെതിരെയുള്ള അധിക്ഷേപമാണിതെന്നും ‘അവൾക്കൊപ്പം’ എന്ന് പറയുന്നവരുടെ കാപട്യമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം വിമർശിച്ചു.

M Liju Denounces Sexist Remarks Against U Pratibha; Expresses Regret and Condemns UDF Leader’s Comments

More Stories from this section

family-dental
witywide