രാഹുലിനും ഖർഗെയ്ക്കും വസ്തുതകളറിയില്ല; ബിജെപി-സിപിഎം ഡീൽ ആരോപണം പച്ചക്കള്ളമെന്ന് ബേബി; ‘പിണറായി പ്രയോഗ’ങ്ങളിലും പ്രതികരണം

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഉന്നയിക്കുന്ന ബിജെപി-സിപിഎം അന്തർധാര ആരോപണം വെറും പച്ചക്കള്ളമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആർഎസ്എസിനെതിരെ ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായി യോജിച്ച നീക്കമാണ് സിപിഎം ആഗ്രഹിക്കുന്നത്. എന്നാൽ ചില സംസ്ഥാനങ്ങളിൽ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം പരസ്പരം മത്സരിക്കേണ്ടി വരും. ഇത് ബിജെപിക്ക് ഗുണകരമാകാത്ത രീതിയിലായിരിക്കണം കൈകാര്യം ചെയ്യേണ്ടതെന്നും പത്തനംതിട്ടയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. ത്രിപുരയിലും അരുണാചൽ പ്രദേശിലും ബിജെപി അധികാരത്തിൽ വരാൻ കാരണം കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേമം മണ്ഡലത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഎമ്മാണ്. കോൺഗ്രസ് വോട്ടുകൾ മറിഞ്ഞതുകൊണ്ടാണ് മുൻപ് അവിടെ താമര വിരിഞ്ഞതെന്നും ഇത്തരം കണക്കുകൾ കൂട്ടാൻ രാഹുൽ ഗാന്ധിക്ക് അറിയില്ലേയെന്നും ബേബി പരിഹസിച്ചു. തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതിന് പിന്നിൽ കോൺഗ്രസിന്റെ സഹായമുണ്ടായിരുന്നു. 600 രൂപ കുടിശിക വരുത്തിയവരാണ് 3000 രൂപ നൽകാമെന്ന് ഗ്യാരണ്ടി നൽകി ജനങ്ങളെ പറ്റിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം, തിരുവനന്തപുരം കോർപ്പറേഷനുകളിൽ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടായിരുന്നുവെന്നും ഇത്തരം അവിശുദ്ധ സഖ്യങ്ങളുണ്ടാക്കുന്ന കോൺഗ്രസാണ് ഇപ്പോൾ സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശങ്ങളിലും എം എ ബേബി നിലപാട് വ്യക്തമാക്കി. ഓരോ വ്യക്തിക്കും അവരുടേതായ പ്രവർത്തന ശൈലിയുണ്ടെന്നും പിണറായിയുടേത് അച്ചടക്കത്തിലൂന്നിയ ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൊതുജനങ്ങളോട് സംസാരിക്കുമ്പോൾ കൂടുതൽ സൂക്ഷ്മതയും കരുതലും പുലർത്തേണ്ടതുണ്ട്. ജി സുധാകരനെതിരായ ‘ചെറ്റത്തരം’ പ്രയോഗം വ്യക്തിയെ അല്ല, മറിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും ബേബി വിശദീകരിച്ചു. ചോദ്യം ചോദിച്ചയാളോട് ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന് പറഞ്ഞതിനെയും ശൈലീപരമായ പ്രത്യേകതയായാണ് ബേബി വിശേഷിപ്പിച്ചത്.

MA Baby Denies CPM-BJP Deal Allegations; Calls for Caution in CM Pinarayi Vijayan’s Public Remarks

Also Read

More Stories from this section

family-dental
witywide