
ന്യൂഡൽഹി: വെനസ്വേലൻ പ്രതിപക്ഷ നേതാവും നോബൽ സമ്മാന ജേതാവുമായ മരിയ കൊറീന മച്ചാഡോ രാജ്യത്തിൻ്റെ അമരത്ത് എത്തുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മച്ചാഡോ. വെനസ്വേലയുടെ അടുത്ത നേതാവാകാൻ താൻ തയ്യാറാണോ എന്ന ചോദ്യത്തിന് “തീർച്ചയായും അതേ” എന്ന് അവർ മറുപടി നൽകി. തന്റെ സഖ്യം ജനസേവനത്തിന് സജ്ജമാണെന്നും സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവർ കൂട്ടിച്ചേർത്തു.
നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്ന് വെനിസ്വേലയുടെ നേതൃത്വം ഏറ്റെടുക്കാൻ മച്ചാഡോയ്ക്ക് സാധിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. മച്ചാഡോയെ “വളരെ നല്ല സ്ത്രീ” എന്ന് വിശേഷിപ്പിച്ച ട്രംപ്, എന്നാൽ രാജ്യത്തിനകത്ത് അവർക്ക് മതിയായ “ആദരവോ” പിന്തുണയോ ഇല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.
ട്രംപിന്റെ വിമർശനങ്ങളെ നേരിട്ട് എതിർക്കുന്നതിന് പകരം, മഡുറോയെ പിടികൂടാൻ ട്രംപ് എടുത്ത തീരുമാനത്തിന് മച്ചാഡോ നന്ദി രേഖപ്പെടുത്തുകയാണ് ചെയ്തത്. ട്രംപിന്റെ നേതൃത്വവും ധൈര്യവും കാരണമാണ് മഡുറോ നിയമത്തിന് മുന്നിലെത്തിയതെന്നും ഇത് വെനിസ്വേലയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള വലിയ ചുവടുവെപ്പാണെന്നും അവർ പറഞ്ഞു
“ഞങ്ങൾ നമ്മുടെ ജനങ്ങളെ സേവിക്കാൻ തയ്യാറാണ്, താൻ രാജ്യത്തിന്റെ അടുത്ത നേതാവാകണമെന്ന് ഉറപ്പിച്ചായിരുന്നു അവരുടെ വാക്കുകൾ. നിക്കോളാസ് മഡുറോ അധികാരത്തിലില്ലാത്തതിനാൽ, വെനസ്വേലയുടെ സർക്കാർ ആരെയാണ് ഭരിക്കേണ്ടതെന്ന് “വെനിസ്വേലയിലെ ജനങ്ങൾ ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞു” എന്ന് മച്ചാഡോ പറഞ്ഞു.
നോബൽ സമ്മാനം സ്വീകരിക്കുന്നതിനായി നോർവേയിലേക്ക് പോയ മച്ചാഡോ, വെനിസ്വേലയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ എത്രയും വേഗം രാജ്യത്തേക്ക് തിരിച്ചെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Machado’s firm response to Trump’s doubts, she says she will be Venezuela’s next leader.














