
ന്യൂഡൽഹി: 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനും ഇന്ത്യയിൽ വെച്ച് നിർമ്മിക്കാനുമുള്ള നീക്കത്തെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. ഈ വമ്പൻ പ്രതിരോധ പദ്ധതി പാരീസും ന്യൂഡൽഹിയും തമ്മിലുള്ള തന്ത്രപരമായ ഏകോപനം ആഴത്തിലാക്കുക മാത്രമല്ല, ഇരു രാജ്യങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഫ്രഞ്ച് പ്രസിഡൻ്റ് പറഞ്ഞു.
“എന്തിനാണ് ആളുകൾ ഈ ഇടപാടിനെ വിമർശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് നിങ്ങളുടെ രാജ്യത്തെ കൂടുതൽ ശക്തമാക്കും, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തും, ഇവിടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.”- ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മാക്രോൺ പറഞ്ഞു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഈ പദ്ധതിയുടെ ഒരു പ്രധാന ഭാഗമായിരിക്കുമെന്നും മാക്രോൺ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ വളരുന്ന ‘പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്ത’ത്തിൻ്റെ ആണിക്കല്ലായും ഈ ഇടപാടിനെ അദ്ദേഹം വിശേഷിപ്പിച്ചു. “പരമാവധി ഇന്ത്യൻ ഘടകങ്ങളും നിർണ്ണായക ഉപകരണങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 114 പുതിയ റഫാൽ വിമാനങ്ങൾ വാങ്ങാനും അവ ഇന്ത്യയിൽ നിർമ്മിക്കാനുമുള്ള താത്പര്യം ഇന്ത്യ കുറച്ചുദിവസം മുമ്പ് സ്ഥിരീകരിച്ചിരുന്നു,” അദ്ദേഹം പറഞ്ഞു.
റഫാൽ ഇടപാടിൻ്റെ വിജയം അന്തർവാഹിനികളുടെ കാര്യത്തിലും ആവർത്തിക്കുമെന്ന് ഫ്രാൻസ് പ്രതീക്ഷിക്കുന്നതായി മാക്രോൺ സൂചിപ്പിച്ചു. “റഫാൽ വളരെ പ്രധാനപ്പെട്ടതാണ്. അന്തർവാഹിനികളുടെ കാര്യത്തിലും ഇത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ കൂടുതൽ ശേഷികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ സംഭരണത്തിൻ്റെ ഭാഗമായി, ഫ്രാൻസുമായി സർക്കാർ തലത്തിൽ 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നിർദ്ദേശത്തിന് കഴിഞ്ഞ ആഴ്ച അംഗീകാരം ലഭിച്ചിരുന്നു. മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (MRFA) പദ്ധതി പ്രകാരം, 18 വിമാനങ്ങൾ റഫാൽ നിർമ്മാതാക്കളായ ദാസോ ഏവിയേഷൻ നേരിട്ട് നൽകും. ബാക്കിയുള്ളവ വിവിധ ഘട്ടങ്ങളിലായി 50 ശതമാനം ഇന്ത്യൻ ഘടകങ്ങൾ ഉൾപ്പെടുത്തി ഇന്ത്യയിൽ നിർമ്മിക്കും. സാങ്കേതികവും വാണിജ്യപരവുമായ ചർച്ചകൾക്ക് ശേഷം ഉറപ്പിക്കാനിരിക്കുന്ന ഈ ഇടപാടിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 114 വിമാനങ്ങൾക്ക് ഏകദേശം 3.25 ട്രില്യൺ രൂപ ($35.65 ബില്യൺ) ചിലവ് വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Macron’s response on Rafale deal with India.












