
ചെന്നൈ: ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപ പിഴ ചോദ്യം ചെയ്ത് നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
2015-16 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ അധിക വരുമാനം (പ്രധാനമായും ‘പുലി’ എന്ന സിനിമയുടെ പ്രതിഫലം) മറച്ചുവെച്ചു എന്നാരോപിച്ചാണ് ആദായനികുതി വകുപ്പ് പിഴ ചുമത്തിയത്. പിഴ ചുമത്താനുള്ള സമയപരിധി കഴിഞ്ഞുവെന്നും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നുമാണ് വിജയ് കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ, ആദായനികുതി വകുപ്പിൻ്റെ നടപടി നിയമപരമായ സമയപരിധിക്കുള്ളിലാണെന്നും അതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഹർജി തള്ളിയെങ്കിലും, ഈ ഉത്തരവിനെതിരെ അപ്പീൽ അതോറിറ്റിയെ സമീപിക്കാൻ വിജയ്ക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
നേരത്തെ ഈ പിഴ ഈടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നുവെങ്കിലും പുതിയ വിധിയോടെ ആ ആശ്വാസം വിജയ്ക്ക് നഷ്ടമായി.
Madras High Court dismisses Vijay’s petition against Income Tax Department, orders him to pay Rs 1.5 crore in tax










