
വെനസ്വലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയെന്നും അമേരിക്കയിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. മഡുറോ ഭരണകൂടം നടത്തി മനുഷ്യാവകാശ ലംഘനങ്ങൾക്കും ലഹരിമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും എതിരെയുള്ള കർശന നടപടികളാണ് അമേരിക്ക സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഡുറോയെ ഒരു സ്വേച്ഛാധിപതിയെന്ന് വിശേഷിപ്പിച്ച റൂബിയോ, നീതി നടപ്പിലാക്കുന്നതിൽ അമേരിക്ക വിട്ടുവീഴ്ച ചെയ്യില്ലെന്ന ശക്തമായ മുന്നറിയിപ്പും നൽകി. മഡുറെയെ പിടികൂടി വെനസ്വലയിൽ നിന്ന് നാടുകടത്തിയെന്ന പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടിയെ ന്യായീകരിച്ച് മാർക്കോ റൂബിയോ രംഗത്തെത്തിയത്.
മഡുറോയെയും ഭാര്യയെയും പിടികൂടി വെനസ്വലയിൽ നിന്ന് നാടുകടത്തിയെന്ന് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്. മഡുറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗ്ഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്. വെനസ്വേലയിലെ അമേരിക്കയുടെ ആക്രമണം തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കി. ലോകത്തെയാകെ ഞെട്ടിച്ച ഈ ആക്രമണങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വാർത്താ സമ്മേളനത്തിൽ അമേരിക്കയുടെ ഈ കടുത്ത നടപടിയുടെ കാരണങ്ങളും ഭാവി നീക്കങ്ങളും വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.














