
ന്യൂയോർക്ക്: ട്രംപ് ഭരണകൂടത്തിന്റെ സുപ്രധാന തീരുമാനങ്ങളെ തടഞ്ഞതിന് ഇന്ത്യൻ വംശജനായ യുഎസ് ഫെഡറൽ ജഡ്ജിമാർക്കെതിരെ MAGA പിന്തുണക്കാരുടെ സൈബർ ആക്രമണം ശക്തം. ഇന്ത്യൻ വംശജരായ ജഡ്ജിമാരുടെ വിധികളെ ലക്ഷ്യമിട്ട് വിദ്വേഷവും വിദേശിയെന്ന നിലയിലുള്ള ആക്രമണങ്ങളും ഉയരുന്നതായാണ് റിപ്പോർട്ടുകൾ.
ന്യൂയോർക്കിലെ സൗത്ത് ഡിസ്ട്രിക്ട് ഫെഡറൽ ജഡ്ജിയായ അരുണ്‍ സുബ്രഹ്മണ്യൻ ആണ് ഏറ്റവും പുതുതായി MAGA പിന്തുണക്കാരുടെ ആക്രമണത്തിന് ഇരയായത്. ചൈൽഡ് കെയർ, മറ്റ് സാമൂഹ്യ സേവന പദ്ധതികളുമായി ബന്ധപ്പെട്ട് അഞ്ച് ഡെമോക്രാറ്റ് ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്കുള്ള 10 ബില്യൺ ഡോളർ ഫണ്ടിംഗ് ‘ഫ്രീസ്സ്’ ചെയ്യാനുള്ള ട്രംപ് ഭരണകൂട തീരുമാനം താൽക്കാലികമായി തടഞ്ഞതിനെ തുടർന്നാണ് അരുണ്‍ സുബ്രഹ്മണ്യനെതിരെ സൈബർ ആക്രമണം നടക്കുന്നത്.
കാലിഫോർണിയ, കൊളറാഡോ, ഇലിനോയിസ്, മിനസോട്ട, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്. ആരോഗ്യ–മാനവ സേവന വകുപ്പ് നിയമപരമായ അധികാരമില്ലാതെ ഫണ്ടുകൾ നിർത്തിയതാണെന്നാണ് സംസ്ഥാനങ്ങളുടെ വാദം. ഇതേതുടർന്ന്, ഫെഡറൽ ജഡ്ജിയായ അരുണ്‍ സുബ്രഹ്മണ്യൻ 14 ദിവസത്തേക്ക് താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ഫണ്ടിംഗ് നിർത്തിയാലുണ്ടാകുന്ന പാവപ്പെട്ട കുടുംബങ്ങൾക്കുണ്ടാകുന്ന നാശനഷ്ടവും കോടതി ചൂണ്ടിക്കാട്ടി.
അതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ജഡ്ജിക്കെതിരെ വിദ്വേഷ പരാമർശങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും ഉയർന്നിരിക്കുകയാണ്. ചിലർ അദ്ദേഹത്തെ ബൈഡൻ നിയമിച്ചതെന്നും അർഹതക്കാൾ ജാതി/വംശീയത നോക്കി തെരഞ്ഞെടുത്തതാണെന്നും ആരോപിച്ചു. ഫെഡറൽ ജഡ്ജിയായ അരുണ്‍ സുബ്രഹ്മണ്യത്തിനെതിര വിദ്വേഷ കുറിപ്പുകളും പുറത്ത് വന്നു.
ഇന്ത്യൻ വംശജനായ ജഡ്ജിമാർക്കെതിരെ ഇത്തരത്തിലുള്ള ഓൺലൈൻ ആക്രമണം പുതുമയല്ല. ജനുവരി 6 കലാപവുമായി ബന്ധപ്പെട്ട ട്രംപ് പ്രസംഗത്തെക്കുറിച്ചുള്ള വിധിക്ക് ശേഷം അമിത് മേത്തയ്ക്കും കുടിയേറ്റ റെയ്ഡുകൾക്കായി ഡാറ്റ ഉപയോഗിക്കുന്നത് തടഞ്ഞതിന് വിൻസ് ഛാബ്രിയയ്ക്കും കുടുംബ പുനഃസംഘടനാ പരോൾപദ്ധതികൾ റദ്ദാക്കാനുള്ള നടപടികൾ തടഞ്ഞതിന് ഇന്ദിര തൽവാണിയ്ക്കും കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ട്രംപ് ഭരണകാല നയങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ ജഡ്ജിമാരുടെ വ്യക്തി–അടയാളത്തെ അടിസ്ഥാനമാക്കിയുള്ള ആക്രമണങ്ങളും കൂടുകയാണെന്നാണ് വിലയിരുത്തൽ.
MAGA Supporters Cyber Attack on Indian-origin Judges for Blocking US President Donald Trump’s Policies










