
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഇന്ന് രാവിലെ മുംബൈയിൽ നിന്ന് ബാരാമതിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. പവാറിനൊപ്പം പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ നാലുപേരും അപകടത്തിൽ മരിച്ചു. രാവിലെ എട്ടു മണിയോടെ മുംബൈയിൽ നിന്ന് പുറപ്പെട്ട ചെറിയ വിമാനം, ഒരു മണിക്കൂറിന് ശേഷം ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് തകർന്നു വീണത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാല് സുപ്രധാന പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് പവാർ ബാരാമതിയിലേക്ക് തിരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അപകടസ്ഥലത്ത് നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങളിൽ വിമാനത്തിന്റെ അവശിഷ്ടങ്ങളും തീയും പുകയും കാണാം. പരിക്കേറ്റവരെ ആംബുലൻസുകൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു.
എൻസിപി സ്ഥാപകൻ ശരദ് പവാറിന്റെ അനന്തരവനും ലോക്‌സഭാ എംപി സുപ്രിയ സുലെയുടെ സഹോദരനുമാണ് 66 കാരനായ അജിത് പവാർ. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനായി ഡൽഹിയിലായിരുന്ന ശരദ് പവാറും സുപ്രിയ സുലെയും ഉടൻ പൂനെയിലേക്ക് തിരിക്കും.
Maharashtra Deputy Chief Minister Ajit Pawar killed in Baramati plane crash












